ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ മഹാത്മാ ഗാന്ധി ശ്രമിച്ചപ്പോൾ ഇന്ത്യാക്കാരെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. മോദിയെ പ്രധാനമന്ത്രിയാക്കിയവരുടെ വിശ്വാസങ്ങളെ അദ്ദേഹം തകർത്തിരിക്കുന്നു. ഇനി മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളെ മുറുകെ പിടിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കാൻ കോൺഗ്രസിന് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്റെ നിർണായക നീക്കം.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിനെ മറികടന്ന് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് റാഫേൽ വിമാനങ്ങളുടെ കരാർ നൽകിയത് എന്തിനെന്ന് മോദി രാജ്യത്തോട് വിശദീകരിക്കണം. റാഫേൽ കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കണ്ണിൽ നോക്കി മറുപടി പറയാൻ മോദിക്ക് ഭയമാണ്. അദ്ദേഹം ഇക്കാര്യത്തിൽ നുണ പറയുന്നതാണെന്ന കാര്യത്തിൽ വേറെ ഉദാഹരണം ആവശ്യമില്ലെന്നും മഹാരാഷ്ട്രയിൽ നടന്ന പരിപാടിയിൽ രാഹുൽ ആരോപിച്ചു. രാജ്യത്തിന്റെ കാവൽക്കാരനാണെന്ന് മോദി സ്വയം വിശേഷിപ്പിക്കുകയാണ്. എന്നാൽ അദ്ദേഹം മുതലാളിമാരുടെ പങ്കാളിയാണെന്നും രാഹുൽ ആരോപിച്ചു. ഫ്രഞ്ച് കമ്പനിയിൽ നിന്നും 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ ഉണ്ടാക്കിയ കരാറിൽ വൻ അഴിമതി നടന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം. മുൻ ഫ്രഞ്ച് പ്രസിഡന്റായ ഫ്രാങ്കോയിസ് ഹോളാൻഡേ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസും രാഹുലും ആയുധമാക്കുകയായിരുന്നു.
അതേസമയം, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. മുതലാളിമാരുടെ 3.20 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സർക്കാർ കർഷകരുടെ കാര്യത്തിൽ കണ്ണടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് വിൽപന നടത്തുന്ന എല്ലാ ഉത്പന്നങ്ങളും ചൈനീസ് നിർമിതമാണ്. മെയ്‌ക്ക് ഇൻ ഇന്ത്യയെന്ന പേരിൽ വ്യാജ വാഗ്‌ദ്ധാനങ്ങൾ നൽകി അദ്ദേഹം ഇന്ത്യാക്കാരെ പറ്റിച്ചു. രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകിയില്ല. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഒരു കാലമാണ് കോൺഗ്രസ് നിങ്ങൾക്ക് വാഗ്‌ദ്ധാനം ചെയ്യുന്നത്. കർഷകരോടൊപ്പം നിന്ന് രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ മാറ്റണമെന്നും രാഹുൽ ആഹ്വാനം ചെയ്‌തു.