അവിചാരിതമായി കിട്ടിയ അവധി ദിനത്തിൽ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ബോണക്കാട്ടേക്ക് യാത്ര തീരുമാനിച്ചത്. തിരുവനന്തപുരത്തുള്ള ജീവിതം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ബോണക്കാടേക്ക് പോകാൻ ഇതുവരെ കഴിഞ്ഞില്ല. സുഹൃത്ത് ശരത്തിന്റെ നിർദ്ദേശം കൂടിയായപ്പോൾ പിന്നെ മറ്റൊന്നും ആലോചിക്കാതെ സുഹൃത്തിന്റെ ബെെക്കുമെടുത്ത് ബോണക്കാടേക്ക് യാത്ര തിരിച്ചു. യാത്ര മുന്നോട്ട് പോകുമ്പോൾ വായിച്ചും കേട്ടും അറിഞ്ഞ ബോണക്കാട് പ്രേതബംഗ്ലാവിനെ കുറിച്ചുള്ള കഥകളായിരുന്നു മനസ് നിറയെ. അവിടേക്ക് തന്നെയായിരുന്നു ഞങ്ങളുടെ ലക്ഷ്യവും.
എന്നാൽ പ്രതീക്ഷിക്കാതെ ഒരു തടസം ഞങ്ങൾക്ക് മുന്നിൽ വന്നു. കാണിത്തടം ചെക്ക്പോസ്റ്റിൽ ശെൽവം ചേട്ടന്റെ വാതിൽ ഞങ്ങൾക്ക് മുന്നിൽ തടസമായി നിന്നു. അവിടെ ഉള്ളവർക്ക് മാത്രമല്ലാതെ സന്ദർശകർക്ക് ബോണക്കാടേക്ക് പ്രവേശനമില്ലത്ര. മാദ്ധ്യമപ്രവർത്തകരാണെന്ന് പറഞ്ഞപ്പോൾ ശെൽവം ചേട്ടൻ കടത്തി വിടാൻ തയ്യാറായി. പോകുന്പോൾ ആനയിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പും. ചെക്ക് പോസ്‌റ്റ് കഴിഞ്ഞ് മുന്നോട്ടുള്ള യാത്ര കാടിന് നടുവിലൂടെയായിരുന്നു. റോഡിന് ഇരുസെെഡും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ. മുന്നോട്ട് പോകുമ്പോൾ ബംഗ്ലാവിനെ കുറിച്ചുള്ള കഥകൾ മനസിൽ മിന്നി മാഞ്ഞു. കാടിന്റെ നിശബ്ദതയെ കീറിമുറിച്ചു ചീവിടുകളുടെയും അവിടവിടായി ഏതൊക്കെയോ പക്ഷികളുടെയും കരച്ചിൽ കേൾക്കാം.
പ്രകൃതി രമണീയമായ പ്രദേശങ്ങളിൽ ഒന്നാണ് അഗസ്‌ത്യമലനിരകളുടെ കീഴിലുള്ള ബോണക്കാട്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ബംഗ്ലാവും ബോണക്കാടുണ്ട്. ബംഗ്ലാവ് ജി.ബി 25 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിജനമായ പ്രദേശത്തെ ഈ ബംഗ്ലാവിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണുള്ളത്.
ഈ ബംഗ്ലാവിനെ കുറിച്ച് പറയപ്പെടുന്ന കഥ ഇങ്ങനെ, ''ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഇവിടെ തുടർന്ന ഒരു സായിപ്പ് 1951ൽ ബോണക്കാട് മലനിരകളിൽ ഒരു ബംഗ്ലാവ് പണിത് അവിടെ താമസം തുടങ്ങി. എന്നാൽ താമസിച്ച് അധികം വെെകുന്നതിന് മുമ്പേ സാ
യിപ്പിന്റെ 13 വയസുകാരി മകൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇതോടെ സായിപ്പും കുടുംബവും താമസം മതിയാക്കി ലണ്ടനിലേക്ക് തിരിച്ച് പോയി. പിന്നീട് ഇവിടെ താമസിച്ച പലരും ഒരു രൂപം കണ്ട് ഞെട്ടാറുണ്ടത്രേ. രാത്രികാലങ്ങളിൽ ഒരു പെൺകുട്ടി ബംഗ്ലാവിന്റെ വരാന്തയിൽ വന്ന് നിൽക്കുമെന്നും ബംഗ്ലാവിൽ വെളിച്ചം നിറയുമെന്നും കഥകൾ പറയുന്നു.
കഥകൾ മനസിൽ മിന്നിമായുന്നതിനിടെ ഒരു പ്രതീക്ഷയും ഇല്ലാതെ കാടവസാനിച്ച് ഒരു സുന്ദരമായ ഗ്രാമത്തിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. ഞായറാഴ്ച ആയത് കൊണ്ട് എല്ലാവരും തിരക്കിലാണെന്ന് തോന്നുന്നു. രണ്ട് ചേച്ചിമാർ ഞങ്ങൾക്ക് വഴി പറയാൻ അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പ്രേത്ര ബംഗ്ലാവിലേക്ക് വഴി ചോദിച്ച അവർക്ക് ആശ്ചര്യം. അങ്ങനെ പ്രേതബംഗ്ലാവ് ഒന്നുമല്ല അതെന്നും ഈയിടെ പുറത്ത് വന്ന കഥകളാണ് ഇതെന്നും അവർ പറഞ്ഞു. എങ്കിലും അവർ പറഞ്ഞ് വന്ന ദിക്കിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. മുകളിലോട്ടു ചെല്ലുന്ന അനുസരിച്ച് വഴിയുടെ വീതിയും അങ്ങിങ്ങായി കാണുന്ന വീടുകളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. വഴി അൽപ്പം മോശമായത് കൊണ്ട് നടന്നായിരുന്നു മുന്നോട്ട് നീങ്ങിയത്.
കുറേ മുന്നോട്ട് പോയിട്ടും ലക്ഷ്യം എത്തിയില്ല. പ്രേതബംഗ്ലാവിലെ ആ പതിമൂന്നുകാരിയാണ് ഞങ്ങളെ വഴി തെറ്റിച്ചതെന്ന് സുഹൃത്ത് തമാശയ്‌ക്ക് പറഞ്ഞ് ചിരിച്ചെങ്കിലും ചുമ്മാ ഞാനും ഒന്ന് ഒാർത്തു. ഇനി ഇപ്പോൾ അങ്ങനെ ആയിരിക്കുമോ?... മുന്നോട്ട് ഒരുപാട് പോയതോടെ തേയില പറിക്കുന്ന ഒരമ്മയുടെ അടുത്ത് നിന്നും വഴി ചോദിച്ച് ലക്ഷ്യസ്ഥാനം നോക്കി വീണ്ടും നടന്നു. കുറച്ച് നേരം കൂടി മുന്നോട്ട് പോയതോടെ ദൂരെ നിന്നും കഥകളിൽ കേട്ട് പരിചയപ്പെട്ട ക്രിസ്‌മസ് ട്രീ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ബംഗ്ലാവിനോട് അടുക്കും തോറും ബ്രിട്ടീഷ് കാലത്തെ ഓർമിച്ച് പൊളിഞ്ഞ ലയങ്ങൾ. ഭീതിപ്പെടുത്തുന്ന രീതിയിൽ ചീവിടുകളുടെ കരച്ചിൽ. അങ്ങകലെ ഒരു തുരുന്പിച്ച ഗേറ്റ്. എന്തൊക്കെയോ നിഗൂഡതകൾ ഓർമിപ്പിച്ച് ആ കൂറ്റൻ ക്രിസ്‌മസ് ട്രീ ഞങ്ങളെ സ്വാഗതം ചെയ്‌തു. ബംഗ്ലാവ് ഭാഗികമായി പൊളിഞ്ഞു കിടക്കുന്നു.
ചാരനിറത്തിലുള്ള ബംഗ്ലാവ്... അകത്ത് വൃത്തിഹീനമായ അന്തരീക്ഷം. മുറിയിൽ തീ കാഞ്ഞ് തണപ്പകറ്റാനുള്ള നെരിപ്പോട്. എന്തൊക്കെയോ ഒളിപ്പിച്ച് വയ്‌ക്കാനുള്ളത് പോലെ വിശാലമായ മുറികൾ.
മുറ്റത്ത് നിന്ന് നോക്കിയാൽ മനോഹരമായ പേപ്പാറ ഡാമിന്റെ ദൃശ്യം. പെട്ടെന്ന് തന്നെ ആ അന്തരീക്ഷവുമായി ഞങ്ങൾ അടുത്തു. കാലം കാത്ത് വച്ച കഥകൾ മാത്രമാണ് ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നതെന്ന് മനസ് മന്ത്രിച്ചു. വെെകും തോറും മഞ്ഞ് കൂടി വന്നു. തണുത്ത് കാറ്റ് ഞങ്ങളുടെ മുഖത്ത് അടിച്ചു. മനസിൽ അതുവരെ ഉണ്ടായിരുന്ന പ്രയാസങ്ങളെല്ലാം ആ മഞ്ഞിൽ അലിഞ്ഞു പോവും പോലെ. മഞ്ഞ് മാറി മാനത്ത് മഴക്കാറ് നിറഞ്ഞു. മഴത്തുള്ളികൾ മുഖത്ത് വീണതോടെ തിരിച്ചിറങ്ങാൻ സമയമായെന്ന് മനസ് മന്ത്രിച്ചു. തിരിച്ചിറങ്ങുന്നതിന് ഒപ്പം മഴയുടെ ശക്തിയും കൂടി. കാട്ടിലെ മഴ നനഞ്ഞ് ഇറങ്ങുന്നതിനൊപ്പം ആ ബംഗ്ലാവും ഞങ്ങളിൽ നിന്ന് അകന്ന് അകന്ന് പിന്നോട്ട് പോയിക്കൊണ്ടേയിരുന്നു....