travel

 

 

കണ്ണിനും മനസിനും കുളിർമയേകുന്ന പ്രകൃതി സൗന്ദര്യം ആവോളം നിറഞ്ഞതാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. പശ്ചിമ ഘട്ടങ്ങളുടെ സൗന്ദര്യം കൊണ്ട് സമ്പന്നമായ റാണിപുരം വടക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മേഘക്കെട്ടുകൾ പാറി നടക്കുന്ന ഈ മലയിൽ വർഷത്തിൽ ഏത് സമയവും സന്ദർഷിക്കാം എന്നതിനാലാണ് റാണിപുരം കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്. മലയുടെ മുകളിൽ തട്ടുന്ന മഞ്ഞും നിറഞ്ഞിരിക്കുന്ന പച്ചപ്പും റാണിപുരത്തെ സഞ്ചാരികളുടെ പ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. കർണാടകയിലെ തലക്കാവേരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ പനത്തടി വനമേഖലയിലാണ് റാണിപുരം ഹിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

travel

 

തിരക്കുള്ള ജീവിതത്തിൽ അൽപസമയം ആശ്വസിക്കാൻ ഏറെ ആശ്രയിക്കുന്നത് പ്രകൃതിയുടെ സൗന്ദര്യം തന്നെയാണ്.. നിറഞ്ഞൊഴുകുന്ന പുഴയും കായൽ തീരങ്ങളും മലനിരകളും നമ്മുടെ ആശ്വാസ കേന്ദ്രങ്ങളാവുന്നു. ഒരോ തവണയും പുതിയ കാഴ്ചകൾ ഒരുക്കി പ്രകൃതി നമ്മളെ കാത്തിരിക്കുമ്പോൾ നാം അറിയാതെ അതിൽ ലയിച്ചിരിക്കുന്നു.. റാണിപുരവും വ്യത്യസ്ഥമല്ല.. റാണിപുരത്ത് പ്രകൃതി ഒരുക്കിയ സൗന്ദ്യത്തിനിടയിൽ നാം നമ്മെ തന്നെ അറിയാതെയാവുന്നു....

നിബിഡ വനത്തിലൂടെ ഒറ്റയടി പാതയിലൂടെ മലകയറണം റാണിപുരത്തിന്റെ മുകളിലെത്താൻ. യാത്രക്കിടയിൽ വനത്തിന്റെ വന്യസൗന്ദര്യം നമുക്ക് ആസ്വദിക്കാം.. കാടിനെ അറിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയാൽ വിശാലമായ പുൽമേട്ടിലെത്താം. ഇവിടെ നിന്നും മുന്നോട്ട് പോകുമ്പോൾ 2460 അടി ഉയരമുള്ള മലയുടെ നെറുകയിലെത്താം.. ഇവിടെ നിന്ന് നോക്കുമ്പോൾ അങ്ങ് ചക്രവാളത്തിൽ പരന്ന് കിടക്കുന്ന പശ്ചിമനിരകളുടെ അപൂർവ ദൃശ്യം മലയിറങ്ങിയാലും നാം മറക്കില്ല. ചക്രവാളത്തിന്റെ പടിഞ്ഞാറ് സമുദ്രത്തിലെ തിരകൾ കരയുടെ ഹൃദയം കവരുന്നതും കാണാം... ചിത്രശലഭങ്ങളും കിളികളും മലമുകളിൽ ധാരാളമായുണ്ട്. കരിമ്പരുന്ത്, ചുള്ളിപ്പരുന്ത്, ചെറിയ ചിലന്തിവേട്ടക്കാരൻ എന്നിവ മലമുകളിൽ സാധാരണമാണ്.

പശ്ചിമ ഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ജെെവവൈവിധ്യങ്ങളിൽ പലതും ഇനിയും പഠിക്കാനുണ്ട്. ആന, പുള്ളിപ്പുലി, മാനുകൾ, കാട്ടുപന്നി, കുരങ്ങുകൾ, കുറുനരികൾ എന്നിങ്ങനെ 24 ഇനം സസ്‌തനികൾ ഇവിടെ കണ്ടുവരുന്നു. റാണിപുരം വഴി ആനകൾ ദേശാടനം നടത്തുന്ന പാതകളായ ആനത്താരയും കടന്നുപോകുന്നു. പറവകളിൽ മലമുഴക്കി വേഴാമ്പൽ, നാട്ടുവേഴാമ്പൽ ഉൾപ്പെടെ 200 ലേറെ ഇനം പറവകൾ കാണപ്പെടുന്നു. 19 വർഗം ഉഭയജീവികളും നൂറു കണക്കിന് ശലഭങ്ങളെയും ഇവിടെ കാണാം.

ചരിത്രം

പണ്ട് കാലത്ത് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഈ മലനിരകൾ ക്രിസ്ത്യൻ കുടിയേറ്റത്തെ തുടർന്നാണ് റാണിപുരം അഥവാ റാണിമല എന്നറിയപ്പെടാൻ തുടങ്ങിയത്.

എത്തിച്ചേരാൻ

പാനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ എത്തുവാനുള്ള മാർഗം. മലകയറ്റത്തിന് (ട്രക്കിങ്) ഏറ്റവും യോജിച്ചതാണ് റാണിപുരം. എങ്കിലും തെന്നുന്ന പാറകളായതിനാൽ പ്രകാശമില്ലാത്ത വൈകുന്നേരങ്ങളേക്കാൾ രാവിലെ തന്നെ പോകുന്നതായിരിക്കും ഉത്തമം. അട്ടകൾ ധാരാളമുള്ളതു കൊണ്ട് നല്ല പാദുകങ്ങളും ഉപ്പും കൈയിൽ കരുതിയാൽ ഉപകരിക്കും.

കാസർക്കോട്ട് നിന്ന് 85 കിലോമീറ്ററും ബേക്കലിൽ നിന്ന് 58 കിലോമീറ്ററും ദൂരമുള്ള റാണിപുരത്ത് പാനത്തടി വഴിയോ കാഞ്ഞങ്ങാട് വഴിയോ എത്തിച്ചേരാം. പാനത്തടി വരെ ബസ് യാത്രയും പിന്നീട് ജീപ്പിൽ സവാരി ചെയ്യുന്നതുമാണ് സൗകര്യം.

റെയിൽവേ സ്റ്റേഷൻ
31 കിലോമീറ്റർ ദൂരമുള്ള നീലേശ്വരം സ്റ്റേഷൻ, ഏകദേശം 45 കിലോമീറ്റർ ദൂരമുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ.

വിമാനത്താവളം
ഏകദേശം 125 കിലോ മീറ്റർ ദൂരമുള്ള മംഗലാപുരം അന്തർദേശീയ വിമാനത്താവളം. കർണാടകയിലാണിത്.