തിരുവനന്തപുരം:ബ്രൂവറികൾക്ക് അനുമതി നൽകിയത് വിവാദമായിരിക്കേ, മൂന്ന്‌കോമ്പൗണ്ടിംഗ്ആൻഡ് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കുള്ള അപേക്ഷകൾ എക്‌സൈസിന് ലഭിച്ചു. രണ്ട് അപേക്ഷകൾ ഇടുക്കിയിൽ നിന്നും ഒരെണ്ണം കൊല്ലം ജില്ലയിൽ നിന്നുമാണ്.ഇടുക്കിയിലെ ഒരു അപേക്ഷ പ്രാഥമിക പരിശോധന നടത്തി സർക്കാരിലേക്ക് അയച്ചു.മറ്റ് അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടന്നുവരുന്നു. ബ്രൂവറി വിവാദം കത്തിപ്പടരവേ, പുതിയ അപേക്ഷകൾ കിട്ടിയാൽ അനുമതി കൊടുക്കുമെന്ന് മന്ത്രി ഇ. പി. ജയരാജൻ പ്രസ്താവിച്ചിരുന്നു.
തിരുവല്ലയിലെ പൊതുമേഖലാ സ്ഥാപനമടക്കം നിലവിൽ 18 ബ്‌ളെൻഡിംഗ് യൂണിറ്റുകൾ കേരളത്തിലുണ്ട്. എട്ടുമുതൽ 10കോടി രൂപവരെയാണ് ബ്‌ളെൻഡിംഗ് യൂണിറ്റിന് വേണ്ടിവരിക. ത്രീസ്റ്റാർ ബാർ ഹോട്ടൽ തുടങ്ങാൻ വേണ്ടതിനെക്കാൾ കുറഞ്ഞ തുക മതിയെന്ന് അർത്ഥം.പന്തളത്തെയും തിരുവല്ലയിലെയും പഞ്ചസാര ഫാക്ടറികൾക്കുംയു.ബിഗ്രൂപ്പിന്റെ ചേർത്തലയൂണിറ്റിനും ഡിസ്റ്റിലിംഗ് ലൈസൻസുണ്ടായിരുന്നു. ഇപ്പോൾ ഇവ പ്രവർത്തിക്കുന്നില്ല. കേരളത്തിൽ കരിമ്പുകൃഷി നിലച്ചതാണ് കാരണം.
കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെഡിസ്റ്റിലറികളിൽ നിന്ന് ഇ.എൻ.എ (എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) കൊണ്ടുവന്ന് ഓരോ ബ്രാന്റിനും അനുസരിച്ചുള്ള രുചിയും നിറവും ജലവും ചേർത്ത് വിദേശമദ്യം നിർമ്മിച്ച് കുപ്പികളിൽ നിറയ്ക്കുകയാണ് ബ്‌ളെൻഡിംഗ് യൂണിറ്റുകളിൽ ചെയ്യുന്നത്.പല പ്രമുഖ മദ്യനിർമ്മാണ കമ്പനികളുടെയും ജനപ്രിയബ്രാന്റുകൾ ഇത്തരം യൂണിറ്റുകളിൽ നിർമിക്കുന്നുണ്ട്. കൂടുതൽ ബ്‌ളെൻഡിംഗ് യൂണിറ്റുകൾ തുടങ്ങുമ്പോൾ സംസ്ഥാനത്തിന് ആവശ്യമായ മുഴുവൻ വിദേശമദ്യവും ഇവിടെ നിർമിക്കാനാവും.
ഇ.എൻ.എ മദ്യത്തിന്റെ മുഖ്യഘടകം
ഡിസ്റ്റിലറികളിൽ ഉത്പാദിപ്പിക്കുന്ന ഇ.എൻ.എയാണ് വിദേശമദ്യത്തിന്റെ മുഖ്യ ഘടകം. പഞ്ചസാര വേർതിരിച്ചു കഴിഞ്ഞുള്ള കരിമ്പിൻ നീരിൽ (മൊളാസസ്) നിന്നാണ് ഇ.എൻ.എ ഉത്പാദിപ്പിക്കുക. മൊളാസസും വെള്ളവും നിശ്ചിത അനുപാതത്തിൽ കലർത്തി, അതിൽ ഈസ്റ്റ് കൂടി ചേർക്കുമ്പോൾ വാഷ് (കോട) തയ്യാറാവും.ഇത് പ്രത്യേക ചൂടിൽ തിളപ്പിച്ച് നീരാവിയാക്കും. ഇത് ശേഖരിച്ച് തണുപ്പിച്ചാൽ കിട്ടുന്നതാണ് ഇ.എൻ.എ. പഞ്ചസാര കരിച്ചുണ്ടാക്കുന്ന 'കാരമെൽ' എന്ന വസ്തുവാണ് സാധാരണ മദ്യത്തിന് നിറവും രുചിയും നൽകാൻ ചേർക്കുന്നത്.
ഏതെങ്കിലും ബ്രൂവറിക്കോ ബ്ലെൻഡിംഗ് യൂണിറ്റിനോ സർക്കാർ ലൈസൻസ് നൽകിയിട്ടില്ല.എന്നാൽ മൂന്ന് ബ്രൂവറിക്കും ഒരു ബ്ലെൻഡിംഗ് യൂണിറ്റിനും സർക്കാർ തത്വത്തിൽ അംഗീകാരം കൊടുത്തിട്ടുണ്ട്. അത് നടപടിക്രമം അനുസരിച്ച് മാത്രമാണ്. പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തതാണ്. 40ശതമാനം ബിയറും 8ശതമാനം ഇന്ത്യൻ നിർമിത വിദേശമദ്യവും മാത്രമെ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. വരുമാനംകൂട്ടാൻ എക്‌സൈസ് വകുപ്പ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് അനുമതി കൊടുത്തത്.
മന്ത്രി ടി.പി. രാമകൃഷ്ണൻ