ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്സലോണ ഇന്ന് ഇംഗ്ലീഷ് സൂപ്പർ ടീം ടോട്ടൻഹാം ഹോട്സ്പറിനെ അവരുടെ തട്ടകമായ വെംബ്ലിയിൽ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ പി.എസ്.വി ഐന്തോവാനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ടോട്ടനത്തെ നേരിടാനിറങ്ങുന്നത്. അതേസമയം സ്പാനിഷ് ലാലിഗയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ലെഗാനസിനോട് തോൽക്കുകയും ജിറോണ, അത്ലറ്രിക്കോ ബിൽബാവോ എന്നീ ടീമുകളോട് സമനിലയിൽ കുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ബാഴ്സ ഇംഗ്ലീഷ് വമ്പൻമാരോട് പോരിനിറങ്ങുന്നത്.ഇതിഹാസതാരംലയണൽമെസി, ലൂയിസ്സുവാരസ്,ഫിലിപ്പെകൗട്ടീഞ്ഞോഎന്നിവരെല്ലാംതാളംകണ്ടെത്തിയാൽബാഴ്സയ്ക്ക്ടോട്ടനത്തെകീഴടക്കുകകഠിനമാകില്ല.
വിലക്ക് നേരിടുന്ന ഉംറ്റിറ്റിക്ക് ഇന്ന് കളിക്കാനാകില്ല. അതേ സമയം ഇന്റർമിലാനോട് ആദ്യ മത്സരത്തിൽ തോറ്റ ടോട്ടനം ബാഴ്സയെ അട്ടിമറിച്ചൊരു തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. പരിക്കിനെ തുടർന്ന് കഴിഞ്ഞ ആറ് മത്സരങ്ങളിൽ പുറത്തിരുന്ന ക്യാപ്ടനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ് ഇന്ന് ബാഴ്സയ്ക്കെതിരെ കളിക്കാനിറങ്ങുന്നത് ടോട്ടനത്തിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ലിവർപൂൾ ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ നാപ്പൊളിയെ നേരിടും. പരിക്കിന്റെ പിടിയിലുള്ള ലിവർപൂളിന്റെ ലല്ലാനയ്ക്ക് ഈ മത്സരവുംനഷ്ടമായേക്കും. ഈ ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജിക്ക് സ്വന്തം ഗ്രൗണ്ടിൽ സെർബിയൻ ക്ലബ് ക്രവേന സ്വെസ്ദ (റെഡ് സ്റ്റാർ ബൽഗ്രേഡ്) യാണ് എതിരാളികൾ.വിലക്ക് നേരിടുന്ന ബുഫൺ, പരിക്കിന്റെ പിടിയിലായ കുർസാവ, ആൽവസ് എന്നിവർ പി.എസ്.ജി നിരയിൽ ഉണ്ടാകില്ല.
ഗ്രൂപ്പ് എയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ക്ലബ് ബ്രൂഗേയാണ് എതിരാളികൾ. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ സാവിച്ച്, ജൽസൺ എന്നിവരുടെ സേവനം അത്ലറ്റിക്കോയ്ക്ക് നഷ്ടമാകും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് ഫ്രഞ്ച് ക്ലബ് മൊണാക്കോയേ നേരിടും. പരിക്കിന്റെ പിടിയിലായ ക്രോയേഷ്യൻ സൂപ്പർ ഗോളി സുബാസിച്ച്, സ്ട്രൈക്കർ ജോവറ്റിക്ക് എന്നിവർക്ക് അത്ലറ്റിക്കോയ്ക്കെതിരെ കളിക്കാൻ കഴിയാത്തത് മൊണാക്കോയ്ക്ക് തിരിച്ചടിയാണ്. മറ്ര് മത്സരങ്ങളിൽ ലോക്കോ മോട്ടീവ് ഷാൽക്കെ04നെയും പി.എസ്.വി ഇന്റർ മിലാനെയും പോർട്ടോ ഗലത്സരെയേയും നേരിടും.