തിരുവനന്തപുരം: സംഗീതം പോലെ തന്നെ ബാലഭാസ്‌കറിന് ജീവനും ജീവശ്വാസവുമായിരുന്നു ഭാര്യ ലക്ഷ്മി. ഭാര്യ എന്നതിലപ്പുറം തന്റെ എല്ലാ ബലഹീനതകളും താൻ പറയാതെ തന്നെ അറിയാൻ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്താണ് ലക്ഷ്മിയെന്ന് ബാലു അഭിമുഖങ്ങളിലെല്ലാം പറയുമായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോഴാണ് ബാലു ലക്ഷ്മിയെ പരിചയപ്പെടുന്നത്. വെജിറ്റേറിയനാണ് ബാലഭാസ്‌കർ. അതുകൊണ്ട് തന്നെ വെജിറ്റേറിയൻ ആഹാരം ഇഷ്ടപ്പെടുന്നവരോടും തനിക്ക് വല്ലാത്ത ഒരു അടുപ്പമായിരുന്നുവെന്ന് ബാലഭാസ്‌കർ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. കോളേജിൽ സംസ്‌കൃതം എം.എയ്ക്ക് ചേർന്ന് രണ്ടാഴ്ചയ്ക്കുശേഷം ബാലുവിന്റെ ഒരു സുഹൃത്താണ്'ഇതാ നിന്നെ പോലൊരു വെജിറ്റേറിയൻ. എം.എ ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി ലക്ഷ്മി ' എന്ന് പറഞ്ഞ് തികച്ചും അവിചാരിതമായി ബാലുവിനെ ലക്ഷ്മിക്ക് പരിചയപ്പെടുത്തുന്നത്. ഇരുവരും സുഹൃത്തുക്കളായി. മൂന്നാം ദിവസം തന്റെ ഇഷ്ടം ബാലഭാസ്‌കർ ലക്ഷ്മിയെ അറിയിച്ചു. ഒരു ദിവസം ഉച്ചയ്ക്ക് ലക്ഷ്മിയോട് നേരിട്ട് പോയി ' എനിക്ക് നിന്നെ ഇഷ്ടമാണ് ' എന്ന് ഉറച്ച ശബ്ദത്തിൽ പറയുകയായിരുന്നു. എന്നാൽ സൗഹൃദത്തിന് അപ്പുറം പ്രണയമെന്നതിലേക്ക് ബന്ധം കൊണ്ട് പോകാൻ ലക്ഷ്മി തയ്യാറായിരുന്നില്ല.
പിൻമാറാൻ ബാലഭാസ്‌കറിനും മനസുണ്ടായില്ല. ഒന്നര വർഷം നടന്ന് അവസാനം ലക്ഷ്മിയെ കൊണ്ട് തന്നെ ഇഷ്ടമാണെന്ന് പറയിപ്പിച്ചു ബാലു.ഇതിനിടെ ലക്ഷ്മിയുടെ വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുകയും ഒരു ബന്ധം ഏകദേശം ഉറപ്പിക്കുകയും ചെയ്തതോടെ ഇപ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടിയില്ലെങ്കിൽ പിന്നെ ഒരിക്കലും അതിന് സാധിക്കില്ലെന്ന് ബാലഭാസ്‌കറിന് തോന്നി.
തന്റെ ഒരു അദ്ധ്യാപകനെയും കൂട്ടി ലക്ഷ്മിയുടെ വീട്ടിലെത്തി സംസാരിച്ചു. സംഗീതവും സിനിമയുമായി നടക്കുന്നൊരാൾക്ക് തന്റെ മകളെ നൽകാനാകില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു പറഞ്ഞു. ശ്രമം പരാജയപ്പെട്ടതോടെ അന്ന് തന്നെ കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞിറങ്ങിയ ലക്ഷ്മിയുമായി ബാലഭാസ്‌കർ മുങ്ങി. പിറ്റേന്ന് അതായത്2000 ഡിസംബർ24ന് ഇരുവരും തിരുവനന്തപുരത്തെ റെഡ് ക്രോസിന്റെ ഓഫീസിൽ വച്ച് ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ അദ്ധ്യാപകനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അന്ന് വൈകിട്ട് ബാലഭാസ്‌കറിന്റെ എറണാകുളത്തെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി. പത്ത് ദിവസത്തിനുശേഷം തിരികെ
തിരുവനന്തപുരത്തെത്തി.അദ്ധ്യാപകന്റെ തന്നെ പ്ലാമൂട്ടിലെ വീട്ടിൽ അഞ്ചുമാസം താമസിച്ചു. പിന്നെ പൂജപ്പുരയിലേക്ക് താമസം മാറ്റി. ഇരുവരുടെയും സ്വപ്നതുല്യമായ ജീവിതം ആരംഭിക്കുന്നത് അവിടെ നിന്നാണ്. പണമോ വരുമാനമോ സർട്ടിഫിക്കറ്റുകളോ യാതൊന്നും തന്നെയില്ലെങ്കിലും സംഗീതത്തിലൂടെ സമ്പാദിച്ച് ലക്ഷ്മിയെ പൊന്നുപോലെ നോക്കുമെന്ന് ബാലഭാസ്‌കറിന്റെ വാശിയായിരുന്നു. തന്റെ മരണം വരെ ലക്ഷ്മിക്ക് നൽകിയ ആ വാക്ക് ബാലഭാസ്‌കർ പാലിച്ചു. ആദ്യ പതിനാറു വ!*!ർഷം സന്തോഷത്തിന് മാറ്റു കൂട്ടാൻ ഒരു കൺമണിയെ തന്നില്ല ദൈവമെന്ന പരിഭവം മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളുവെങ്കിലും അതും അവസാനം ദൈവം സാധിച്ചു നൽകി. പൊന്നുപോലൊരു മകളെയും മടിയിലിരുത്തി ബാലു യാത്രയാകുമ്പോൾ അക്ഷരാർത്ഥത്തിൽ ഈ ലോകത്ത് ഒറ്റയ്ക്കാവുന്നത് ലക്ഷ്മിയാണ്.