രാജ്കോട്ട്: ഇന്ത്യയും വിൻഡീസ് തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ രാജ്കോട്ടിൽ തുടക്കമാകും.വിശ്രമത്തിന് ശേഷം വീണ്ടും ടീമിൽ തിരിച്ചെത്തിയ വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലാണ് അത്ര പരിചയ സമ്പന്നരല്ലാത്ത വെസ്റ്റിൻഡീസ് ടീമിനെ നേരിടുന്നത്. ടീമുകൾ ഇന്നലെ രാജ്കോട്ടിൽ പരിശീലനത്തിനിറങ്ങി. ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങൾ പുറത്ത് കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്രിനൊരുങ്ങുന്നത്. അരങ്ങേറ്റ ടെസ്റ്രിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടും ഏറെക്കാലം ടീമിലുണ്ടായിട്ടും കളിപ്പിക്കാതിരിക്കുകയും ഇപ്പോൾ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കരുൺ നായരെച്ചൊല്ലിയാണ് കലഹം പ്രധാനമായും ഉള്ളത്. രോഹിത് ശർമ്മയെ ടീമിലേക്ക് പരിഗണിക്കാത്തതിനെയും ശിഖർ ധവാനെ ഒഴിവാക്കിയതിനെയുമെതിരെയും നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഡിസംബറിൽ തുടങ്ങുന്ന ആസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്താനുള്ള അവസരമാണ് ഇന്ത്യയ്ക്ക് പരമ്പര. അതേസമയം പ്രിത്വിഷാ മായങ്ക് അഗർവാൾ തുടങ്ങിയ യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഈടെസ്റ്ര്. ഓപ്പണിംഗ് റോളിൽ പ്രിത്വിഷായെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. കെ.എൽ. രാഹുലിനൊപ്പം ഷാ മാത്രമാണ് സ്പെഷ്യലിസ്റ്റ് ഓപ്പണറായി ടീമിലുള്ളത്.
ആസ്ട്രേലിയൻ പര്യടനത്തിന് മുമ്പായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയിലേറ്ര ദയനീയ പരാജയത്തിൽ നിന്ന് ഒരു തിരിച്ചുവരവ് ഇന്ത്യയ്ക്ക് ആവശ്യമാണ്. ഒപ്പം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിറുത്താനും വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് രണ്ട് ടെസ്റ്റുകളിലും മികച്ച ജയം അത്യാവശ്യാമാണ്. 1994ന് ശേഷം ഇതുവരെ വെസ്റ്റിൻഡീസിന് ഇന്ത്യയിൽഒരു ടെസ്റ്റ് ജയിക്കാനായിട്ടില്ലെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
മറുവശത്ത് കഴിഞ്ഞയിടെ നാട്ടിൽ നടന്ന രണ്ട് ടെസ്റ്റ്പരമ്പരകളിലും മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസവുമായാണ് വെസ്റ്റിൻഡീസ് ഇറങ്ങുന്നത്.ബംഗ്ലാദേശിനെതിരായ രണ്ടു ടെസ്റ്രും ജയിച്ച അവർ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ സമനിലയും നേടിയിരുന്നു.