തിരുവനന്തപുരം : ശുദ്ധ സംഗീതം കൊണ്ട് സംഗീതപ്രേമികളുടെ മനസുകീഴടക്കിയ ബാലഭാസ്കർ അകാലത്തിൽ പൊലിഞ്ഞെന്ന സത്യം വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്ക്കുകയാണ് സംഗീതലോകം. ബാലഭാസ്കർ യാത്രയാകുമ്പോൾ തീരാനൊമ്പരമാകുകയാണ് ബാലലീലയെന്ന യൂടൂബ് ചാനൽ.
സോഷ്യൽ മീഡിയയിലൂടെ ബാലുവിന്റെ വിയോഗത്തിലുള്ള ദുഃഖം പങ്കുവയ്ക്കുന്നവർക്ക്പറയാനുള്ളതും ബാലലീലയെകുറിച്ചാണ്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിന്റെ വിവിധയിടങ്ങിലെ സംഗീതവേദികളിൽ ബാലലീയെന്ന പേര് മുഴങ്ങി. നാലുവർഷം മുൻപാണ് സംഗീത ലോകത്ത് കൂടുതൽ സജീവമാകുന്നതിന്റെ ഭാഗാമായി ആരാധകർക്കായി ബാലഭാസ്കർ സ്റ്റുഡിയോ ബാലലീല ആരംഭിച്ചത്. 2014 ജൂലായ് 23ന് ജന്മംകൊണ്ട ബാലലീലയെ ലോകത്തെമ്പാടുമുള്ള സംഗീതപ്രേമികൾ നെഞ്ചേറ്റി.
കൗതുകകരമായ പേരിനെ കുറിച്ച് ബാലഭാസ്കർ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ:- ബാല എന്നാൽ കുട്ടി ലീലയെന്നാൽ വികൃതി തന്റെയുള്ളിലെ കുട്ടിത്തങ്ങളാണ് ബാലലീല.പക്ഷേഅത് പ്രൊഫഷണൽ കുട്ടിത്തങ്ങളായിരിക്കും. കഴിഞ്ഞ നാലുവർഷമായി നവമാദ്ധ്യമങ്ങളിൽ ബാലഭാസ്കറിന്റെ സംഗീതം നിറയുന്നത് ബാലലീലയെന്ന പേരിലാണ്.