തിരുവനന്തപുരം: സംഗീതോപകരണങ്ങൾക്ക് ഗായകന്മാർക്ക് പിറകിൽ നിന്ന് പാട്ടിന് താളം നൽകാൻ മാത്രമല്ല നൂറു കണക്കിന് കാണികളെ പിടിച്ചിരുത്താനും കഴിവുണ്ടെന്ന് മലയാളികളെ പഠിപ്പിച്ച സംഗീതജ്ഞനാണ് ബാലഭാസ്കർ.ഇടത് തോളിൽ ചാരിവച്ച വയലിനിൽ കവിളുകൾ ചേർത്തു വച്ച് ചെറു പുഞ്ചിരിയോടെ ബാലഭാസ്കർ തന്ത്രികൾ മീട്ടുമ്പോഴെല്ലാം ആ ദൈവിക സംഗീതം കാണികളുടെ ഹൃദയം നിറച്ചു. അടുക്കും ചിട്ടയുമുള്ള സംഗീതക്കച്ചേരികൾ മാത്രം സുപരിചിതമായിരുന്ന മലയാളികൾക്ക് നിയമത്തിന്റെ വേലികളില്ലാത്ത സ്വാതന്ത്രസംഗീതമായ ഫ്യൂഷൻ ആദ്യം പരിചയപ്പെടുത്തിയവരിൽ പ്രമുഖൻ ബാലഭാസ്കർ തന്നെയായിരുന്നു.
ഏതു ചെറിയ പരിപാടി ആയാൽപ്പോലും റിഹേഴ്സൽ നിർബന്ധം. സിനിമാ മോഹങ്ങളെക്കാൾ ഏറെ വയലിന്റെ അനന്തസാദ്ധ്യതകളിൽ അലിയാനായിരുന്നു ബാലഭാസ്കർ ഇഷ്ടപ്പെട്ടിരുന്നത്. ബാലലീല എന്ന തന്റെ ബാൻഡുമായി കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം പതുങ്ങിയെത്തി അദ്ദേഹത്തേയും മകളെയും കൂട്ടി മടങ്ങിയത്.