കാലത്തിനും പുതുതലമുറയുടെ അഭിരുചിക്കും ഒപ്പം മാറി വിജയക്കൊടി പാറിക്കുകയാണ് ഇന്ത്യയിൽ റോയൽ എൻഫീൽഡ്. യുവാക്കൾക്കിടെയിൽ തരംഗമായി മാറിയ റോയൽ എൻഫീൽഡിന്റെ ഉത്പന്ന ശ്രേണിയിലേക്ക് എത്തുന്ന പുത്തൻ താരമാണ് കോണ്ടിനെന്റൽ ജിടി 650. അടിസ്ഥാനപരമായി ഒന്നാണെങ്കിലും സ്റ്രൈലിൽ വ്യത്യസ്തതയുമായി സ്റ്രാൻഡേർഡ്, കസ്റ്രം, ക്രോം പതിപ്പുകൾ ഇതിനുണ്ട്. കോണ്ടിനെന്റൽ ജിടി 650നൊപ്പം ഇന്റർസെപ്റ്റർ 650 മോഡലും റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. സാങ്കേതികമായി ഒന്നാണെങ്കിലും സ്റ്റൈലിൽ ഇരു മോഡലുകളും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇന്റർസെപ്റ്റർ 650യിൽ നിന്ന് വ്യത്യസ്തമായി സ്പോർട്ടീ ശൈലിയാണ് ജിടി 650യ്ക്കുള്ളത്. ജിടിക്ക് കഫേ റേസർ രൂപകല്പന മനോഹരമായി നൽകാൻ റോയൽ എൻഫീൽഡിന് കഴിഞ്ഞിട്ടുണ്ട്. കാൽമുട്ടുകൾ ബൈക്കിനോട് ചേർത്തുവച്ച് റൈഡിംഗ് സുഖകരമാക്കാനായി ഇന്ധനടാങ്ക് അല്പം ചെറുതാക്കിയിട്ടുണ്ട്. ദീർഘദൂര യാത്രയിൽപ്പോലും മടുപ്പ് തോന്നിക്കാത്ത വിധമാണ് ഹാൻഡിൽ ബാറിന്റെയും സജ്ജീകരണം. 198 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. ഇന്റർസെപ്റ്റർ 650യുടെ ഭാരം 202 കിലോഗ്രാമാണ്.
നേരത്തേ സൂചിപ്പിച്ചതുപോലെ, ഹാൻഡിൽ ബാറിൽ ക്ളിപ്പുകൾ, മികച്ച റൈഡിംഗ് പൊസിഷൻ എന്നിവയോടെ ക്ലാസിക് കഫേ റേസർ രൂപകല്പനയാണ് കോണ്ടിനെന്റൽ ജിടിക്കുള്ളത്. റൈഡറുടെ ഭാരത്തിന് അനുയോജ്യമായ വിധം ബൈക്കിനെ നിയന്ത്രിക്കാനാകുന്ന തരത്തിലാണ് റൈഡിംഗ് പൊസിഷൻ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
ഹാൻഡിൽ ബാറിലെ ക്ളിപ്പും കാൽപ്പാദം പിന്നോട്ട് ചാരിവയ്ക്കുന്നത് പോലെയുള്ള പൊസിഷനും ദീർഘദൂര യാത്രകൾ പോലും ആസ്വാദ്യകരമാക്കും. സ്പോർട്ടീ റൈഡിംഗ് അനുഭവവും ഇത് സമ്മാനിക്കും.ഇന്റർസെപ്റ്റർ 650യിലെ 649 സി.സി., എയർകൂളായ പാരലൽ ട്വിൻ എൻജിനാണ് ജിടി 650ലുമുള്ളത്. 7,250 ആർ.പി.എമ്മിൽ 47 ബി.എച്ച്.പി കരുത്തുള്ള എൻജിനാണിത്. 5,250 ആർ.പി.എമ്മിൽ 52 ന്യൂട്ടൺ മീറ്ററാണ് പരമാവധി ടോർക്ക്. റോയൽ എൻഫീൽഡ് അവതരിപ്പിക്കുന്ന പുതിയ 6-സ്പീഡ് ഗിയർ ബോക്സും ഇതോടൊപ്പമുണ്ട്. ഏറെ സ്മൂത്തായ ഗിയറുകൾ തിരക്കേറിയ റോഡിലും ബൈക്കിനെ നന്നായി നിയന്ത്രിക്കാൻ ഉപകാരമാണ്. സ്മൂത്തായ പവർ ഡെലിവറിയും കൂടിച്ചേരുമ്പോൾ കോണ്ടിനെന്റൽ ജിടി 650 മണിക്കൂറിൽ 130 - 140 കിലോമീറ്റർ വേഗത്തിലേക്ക് അനായാസം കുതിച്ചുകയറും. ഉയർന്ന വേഗതയിലും വൈബ്രേഷനുകൾ ഉണ്ടാകുന്നില്ലെന്നതും മികവാണ്.
സസ്പെഷൻ സംവിധാനങ്ങൾ ഇരട്ട സഹോദരമായ ഇന്റർസെപ്റ്റർ ജിടിയിലേത് തന്നെയാണ്. മുന്നിൽ 41 എം.എം ഫോർക്കും പിന്നിൽ കോയിൽ കവർ ഷോക്കും ഇടംപിടിച്ചിരിക്കുന്നു. എൻഫീൽഡിന്റെ ഈ 650 സഹോദരന്മാർക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് പിറേലി ഫാന്റം സ്പോർട്കോമ്പ് 18 ഇഞ്ച് വീലുകൾ. മുന്നിൽ 320 എം.എം, പിന്നിൽ 240 എം.എം ഡിസ്ക് ബ്രേക്കുകൾ കാണാം. സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എ.ബി.എസും ഇതോടൊപ്പമുണ്ട്. ഏകദേശം നാലര ലക്ഷം രൂപയോളം വില വരുന്ന റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി ഈവർഷം തന്നെ ഇന്ത്യൻ നിരത്തിലെത്തും.