തിരുവനന്തപുരം: വയലിൻ കഴുത്തിനോട് ചേർത്ത് വച്ച് വലതുകൈ കൊണ്ട് ബോ പിടിച്ച് ഈണമൊഴുക്കി തുടങ്ങുമ്പോഴേക്കും ബാലഭാസ്കർ കണ്ണിറുക്കി ചിരിച്ചു തുടങ്ങും. പിന്നെ ബാലുവിന്റെ കാതിലെ കമ്മൽ പോലും താളമിടുന്നതായി തോന്നും. മുന്നിലെ അനുവാചകരിലേക്ക് സംഗീതത്തോടൊപ്പം പോസിറ്റീവ് എനർജി കൂടി ബാലഭാസ്കർ കടത്തിവിടും.
സംഗീതം കൊണ്ട് ലോകം കീഴടക്കി തുടങ്ങിയതായിരുന്നു ബാലഭാസ്കർ. ആ വയലിനും ഈണങ്ങളും ഇവിടെ ഉപേക്ഷിച്ച് പ്രിയപ്പെട്ടവരുടെ ബാലു പോയി; മകളെ തട്ടിയെടുത്ത മരണത്തോടൊപ്പം. പ്രണയത്തിന്റെ എല്ലാം ഭാവങ്ങളോടും ചേർന്നു നിൽക്കുന്നതാണ് വയലിന്റെ സ്വരം. കണ്ണീരും സ്വപ്നങ്ങളും സന്തോഷവും പ്രതീക്ഷയും എല്ലാം ഇടകലർന്ന ശബ്ദസങ്കലനം. തിങ്കളാഴ്ച ആശുപത്രി കിടക്കയിൽ വച്ച് ബാലു ചിരിച്ചു, പാട്ടു കേട്ടു എന്നൊക്കെ അറിഞ്ഞപ്പോൾ എല്ലാവരും സന്തോഷിച്ചു. ബാലു മടങ്ങിവരും വേദികൾ കീഴടക്കും എന്നു തന്നെ പ്രതീക്ഷിച്ചു. പക്ഷേ ഉദയസൂര്യൻ പടിഞ്ഞാറെ ചക്രവാളമെത്തുംമുമ്പേ അസ്തമിക്കുകയായിരുന്നു.മൂന്നു വയസു മുതൽ തുടങ്ങിയ സംഗീത പഠനം. പന്ത്രണ്ടാം വയസിൽ വയലിനുമായി വേദിയിൽ. പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം പകർന്നുകൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനെന്ന പെരുമ തന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംസ്കൃതം എം.എയ്ക്ക് ചേർന്നത് ഒറ്റ ലക്ഷ്യം മുന്നിൽ കണ്ടാണ്- കർണാടക സംഗീതത്തിലെ വരികളുടെ അർത്ഥം മനസിലാക്കി പാടണം. പാസായത് രണ്ടാം റാങ്കോടെ. സംഗീതത്തിൽ ഇത്രത്തോളം സൂക്ഷ്മത പുലർത്തിയ ഈ പ്രതിഭ കേരളീയർക്കു മുന്നിൽ ഇലക്ട്രിക് വയലിനും ഇന്തോ- വെസ്റ്റേൺ ഫ്യൂഷനും പരിചയപ്പെടുത്തി.
ലോകമെമ്പാടും ആസ്വാദകരെ നേടിയെടുത്ത മാന്ത്രികസംഗീതജ്ഞനാണ് ബാലഭാസ്കർ. ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരുക്കി സംഗീത പ്രേമികളുടെ ഹൃദയതാളമായി. ഇലക്ട്രിക് വയലിനിലൂടെ ന്യൂജനറേഷന്റെ തുടിപ്പാകുമ്പോഴും ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രം പടിഞ്ഞിരുന്ന് കച്ചേരി പാടുന്ന ബാലഭാസ്കറിനെ വിസ്മയം എന്നല്ലാതെ ഏതു പദം കൊണ്ടാണ് വിശേപ്പിക്കാനാകുക?
ബാലഭാസ്കറും വയലിന്റെ ഈണങ്ങളും ചേർന്ന് നമ്മുടെയൊക്കെ മനസിൽ താളമിട്ടു തന്നിട്ട് 27 വർഷം പിന്നിടുകയായിരുന്നു.മുംബയിൽ ഒരിക്കൽ ബാലഭാസ്കർ വയലിൻ അവതിരിപ്പിക്കുന്നു.
മുൻനിരയിൽ മുഴുകിയിരിക്കുന്നവരുടെ കൂട്ടത്തിൽ സച്ചിൻ ടെൻഡുൽക്കർ. ഒരു ഫോട്ടോഗ്രാഫർ മറഞ്ഞു നിന്നപ്പോൾ ഒന്നു മാറി നിൽക്കൂ എനിക്കീ വായന ഒന്നു കാണണം എന്നു പറഞ്ഞു. ബാലഭാസ്കറിന്റെ സംഗീതത്തിന് മറ്റൊരു വലിയ ആരാധകനുണ്ട്, സാക്ഷാൽ അമിതാഭ് ബച്ചൻ. ഒരു ദീപാവലി ആഘോഷത്തിനിടയിൽ വയലിൻ വായിച്ചു കഴിഞ്ഞ ശേഷം മുന്നിലെത്തിയ ബാലഭാസ്കറിനോടു പറഞ്ഞു- എനിക്ക് നിങ്ങളുടെ ആൽബം വേണം, എവിടെ നിന്നു വാങ്ങാൻ കിട്ടും? അങ്ങനെ പറയരുത്, ഞാൻ താങ്കൾക്ക് എന്റെ ആൽബങ്ങൾ അയച്ചുതരാം എന്നു തൊഴുതുകൊണ്ടു പറയുകയായിരുന്നു ബാലഭാസ്കർ. ബാലഭാസ്കറിന്റെ വശ്യമേറിയ സംഗീതത്തെ കുറിച്ച് ലോകം അറിയാനായി തന്റെ ബ്ലോഗിൽ അമിതാഭ് എഴുതിയത് രണ്ടു വട്ടം. സംഗീതപരിപാടിയിൽ വേദി പങ്കിടുന്നതിനിടെ എ.ആർ. റഹ്മാൻ ബാലുവിനോട് പറഞ്ഞു നിങ്ങൾ പോപ്പുലറാണല്ലോ!