സംഗീതത്തിന്റെ പ്രവാചകനായിരുന്നു ബാലഭാസ്കർ. അവനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അവനിൽ എപ്പോഴും സംഗീതം നിറഞ്ഞു തുളുമ്പി നിന്നിരുന്നു. പ്രതിഭ എന്നതിന് പ്രായവുമായി യാതൊരു ബന്ധവുമില്ല എന്നവൻ തെളിയിച്ചു,ബാലുവിന് പ്രായം വെറും നാൽപ്പതല്ലേ ആയിട്ടുള്ളൂ.പക്ഷേ ഇങ്ങനെ ഒരു ജീനിയസിനെ ഈ ദേശത്ത് വേറെ കാട്ടിത്തരാൻ കഴിയുമോ? ഇവിടെ ഒരു സംഗീത സംസ്കാരം ഉണ്ടാക്കിയെടുക്കാൻ ബാലുവിന് കഴിഞ്ഞു. വയലിൻ എന്നാൽ വേദിയിൽ ചമ്രം പടിഞ്ഞിരുന്ന് കച്ചേരി അവതരിപ്പിക്കാനുള്ള വാദ്യോപകരണം മാത്രമാണെന്ന് സങ്കൽപ്പത്തെ ബാലു പൊളിച്ചെറിഞ്ഞു.
വയലിനുമായിട്ട് ബാലു വേദിയിൽ നിന്നും നേരെ സദസിലേക്ക് ഇറങ്ങിച്ചെന്നും. അവർക്കിഷ്ടമായ ഈണങ്ങൾ എങ്ങും ഒഴുക്കി. സംഗീതത്തെ കുറിച്ച് വലിയ അറിവില്ലാത്തവർക്കു പോലും ബാലുവിനോടും വയലനിനോടും വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയത് അങ്ങനെയാണ്. ബാലഭാസ്കറിന്റെ ശരീരഭാഷയിൽ പോലും സംഗീതമുണ്ടായിരുന്നു. വയലിനുമായി ചേരുമ്പോൾ ബാലു എപ്പോഴും സന്തോഷവാനാണ്.
എന്റെ പാട്ടുകളിൽ ചിലത് വേദികളിൽ ബാലു വായിക്കുമ്പോൾ വല്ലാത്തൊരു ആഹ്ളാദമാണ് എനിക്ക് ലഭിക്കുന്നത്. മറ്റൊരാൾ പാടുന്നതിനെക്കാളും അവന്റെ വയലിൻ സംഗീതമായി അത് പിറവിയെടുക്കുമ്പോൾ വല്ലാത്തൊരു സന്തോഷം. യൂണിവേഴ്സിറ്റി കോളേജിൽ പോയി ബാലുവിന്റെ ചേതനയറ്റ ശരീരം അധിക നേരം നോക്കി നിൽക്കാൻ കഴിഞ്ഞില്ല.