തിരുവനന്തപുരം: ഓർമകളിലേക്ക് തിരിഞ്ഞുനടന്നപ്പോൾ വയലിൻ വിദ്വാൻ ബി. ശശികുമാറിന്റെ കണ്ണുകൾ ഇടവേളയില്ലാതെ പെയ്തുകൊണ്ടിരുന്നു. ജഗതി ജംഗ്ഷന് സമീപമുള്ള വർണം വീട്ടിലിരുന്നു വിങ്ങുന്ന ആ പ്രതിഭയെ ആശ്വസിപ്പിക്കാൻ ആർക്കുമില്ല വാക്കുകൾ. മനസിലെ സങ്കടക്കടലിൽ നിന്ന് ഒന്നും പുറത്തേക്ക് വരുന്നില്ല. പ്രിയപ്പെട്ട ബാലുവുമായി ചേർന്ന് എത്രയോ സംഗീത വേദികൾ ധന്യമാക്കിയിട്ടുണ്ട്. ശശികുമാറിന് ബാലഭാസ്കർ അനന്തിരവനായിരുന്നു, അരുമശിഷ്യനായിരുന്നു. സർവോപരി പ്രാണന്റെ ഭാഗമായിരുന്നു.വായ്പാട്ടിലും തത്പരനായിരുന്ന ബാലുവിനോട് അടുത്തൊരു ദിവസം, പാട്ട് പരിശീലിക്കാൻ തന്റെ വീട്ടിലേക്ക് വരാൻ നിർദ്ദേശിച്ചതാണ്. പക്ഷേ വന്നത് ബാലുവല്ല, പകരം ദുരന്തവാർത്ത. മൂന്ന് വയസിൽ മുട്ടിലിഴഞ്ഞ് മടിയിൽ കയറിയ ബാലു വയലിന്റെ ബാലപാഠങ്ങളിലേക്കാണ് പിച്ചവച്ചത്.പക്ഷേ അതിനും മുമ്പെ രക്തത്തിൽ സംഗീതമുണ്ട്.
ഭാസ്കറെന്ന പേരും സംഗീതവും ബാലുവിലേക്ക് എത്തിയത് മുത്തച്ഛനിൽ നിന്ന്.കൊട്ടാരം സംഗീതജ്ഞനും നാഗസ്വര വിദ്വാനുമായിരുന്നു അമ്മ ശാന്തകുമാരിയുടെ പിതാവ് ഭാസ്കരപ്പണിക്കർ. ശശികുമാർ അമ്മയുടെ മൂത്ത സഹോദരനും. ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്ന ശശികുമാർ മുമ്പ് പൂജപ്പുരയിലെ വീട്ടിൽ പ്രാക്ടീസ് നടത്തുമ്പോൾ കൊച്ചുബാലുവിന്റെ വിരലുകളും തന്ത്രികളിലേക്ക് കടന്നുകയറ്റം നടത്തും. എപ്പോഴും വല്യമ്മാവന്റെ ചാരെ ഉണ്ടാവും ബാലു. അനന്തിരവന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ശശികുമാർ ഒടുവിൽ ഒരു വയലിൻ ഉണ്ടാക്കിക്കൊടുത്തു.പിന്നെ അതിലായി പരിശീലനം. അമ്മാവന്റെ ഗുരുമുഖത്തു നിന്ന് ഏറെ ജ്ഞാനം നേടി. സ്കൂൾ-കോളേജ് വിദ്യാഭ്യാസ കാലത്ത് എല്ലാ കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടി. കോളേജ് ദിനങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം 'ബിഗ് ബാൻഡ്' എന്ന പേരിൽ ഒരു ബാൻഡുമുണ്ടാക്കി.
ശാസ്ത്രീയ സംഗീതത്തിൽ ഏറെ മികവ് പുലർത്തിയ ബാലു വല്യമ്മാവനും മൃദംഗവിദ്വാൻ ചേർത്തല ജയദേവനുമൊക്കെ ഉൾപ്പെട്ട 'വാദ്യവൃന്ദം' സംഘത്തിലും പ്രവർത്തിച്ചു. അമ്മാവനൊപ്പം നിരവധി വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ച് ശ്രദ്ധേയനായി വരുമ്പോഴാണ് 'ഫ്യൂഷൻ' മേഖലയിലേക്ക് തിരിയുന്നത്. രണ്ട് മേഖലകളിലും ഒരുപോലെ പ്രാവീണ്യം തെളിയിക്കാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ കഴിഞ്ഞു. പക്ഷേ ഏറെ പ്രശസ്തിയിലേക്കും തിരക്കിലേക്കും എത്തിയപ്പോഴും പരിശീലനത്തിൽ തെല്ലും വിട്ടുവീഴ്ച കാട്ടിയില്ല. ഇടയ്ക്കിടെ ഉപദേശങ്ങൾ തേടി വർണത്തിലേക്ക് എത്തും. ദിവസവും ഏഴുമണിക്കൂർ വരെ പരിശീലനം നടത്തുമായിരുന്നുവെന്നും ജയദേവൻ ഓർക്കുന്നു.