ന്യൂഡൽഹി:ർകർഷക വിരുദ്ധ നയങ്ങൾക്കെതിരെ വടക്കേ ഇന്ത്യയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അവസാനിപ്പിച്ചു. ഭാരതീയ കിസാൻ യൂണിയൻ നടത്തിയ കിസാൻ ക്രാന്തി പദയാത്രയാണ് ഡൽഹിയിലെ കിസാൻ ഘട്ടിൽ ഇന്ന് പുലർച്ചെ അവസാനിപ്പിച്ചത്. തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാർ ആറ് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരെ രാജ്യതലസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കാതെ ഉത്തർപ്രദേശ് - ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ചർച്ചയിൽ ഒത്തുതീർപ്പായതോടെ തടഞ്ഞുവച്ചിരുന്ന കർഷകരെ പൊലീസ് വിട്ടയച്ചു. തുടർന്ന് കർഷകർ തങ്ങളുടെ ട്രാക്ടറുകളും ട്രോളികളുമായി കിസാൻ ഘട്ടിലേക്ക് എത്തി പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു.
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ മുപ്പതിനായിരത്തോളം കർഷകരാണ് പങ്കെടുത്തത്. ഡൽഹി - യു.പി അതിർത്തി മേഖലയായ ഗാസിയാബാദിൽ ബാരിക്കേഡുകൾ തീർത്ത് യു.പി, ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗവും തടഞ്ഞത് സംഘർഷത്തിലും കലാശിച്ചിരുന്നു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. നിരവധി കർഷകർക്ക് പരിക്കേറ്റു.
കടങ്ങളെഴുതി തള്ളുക, വൈദ്യുതി, ഇന്ധനം എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, 60 വയസു കഴിഞ്ഞ കർഷകർക്ക് പെൻഷൻ നൽകുക, സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശം നടപ്പാക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ.