കൊച്ചി : ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന് ? രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. രാജുമോനെ രക്ഷിക്കാൻ ദൈവദൂതനെപ്പോലെ നായികയ്ക്ക് മുന്നിൽ അവതരിച്ച നായകനും ചിത്രത്തിന്റെ സംവിധായകനും നായിക അംബികയുമൊക്കെ പിന്നീട് മലയാള സിനിമയിലെ താരങ്ങളായി മാറി. പക്ഷേ, രാജുമോൻ സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് വഴിമാറി ബിസിനസിന്റെയും കാമറയുടെയും പിന്നാലെയാണ് നടന്നത്. പേര് രാജുമോനെന്നല്ല, പ്രശോഭ് എന്നാണ്. കോഴിക്കോട് കോട്ടുളി സ്വദേശിയായ പ്രശോഭ് ഇപ്പോൾ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്ത് അക്ഷയ സൂപ്പർ മാർക്കറ്റിന്റെ ഉടമയാണ്.
'രാജാവിന്റെ മകൻ' 36 വർഷം മുമ്പുള്ള ഓർമ്മയാണ്. അന്ന് ഞാൻ തീരെ ചെറിയ കുട്ടി. പരീക്ഷയ്ക്കിടെയായിരുന്നു ഷൂട്ടിംഗ്. തമ്പി കണ്ണന്താനം സാർ ഇതിനനുസരിച്ച് ഷെഡ്യൂൾ ഒരുക്കി. അന്തരിച്ച നടൻ ബാലൻ കെ. നായർ എന്റെ ബന്ധുവാണ്. അങ്കിൾ വഴിയാണ് സിനിമയിലേക്ക് എത്തിയത് - പ്രശോഭ് പറയുന്നു.
തമ്പി കണ്ണന്താനത്തിന്റെ തന്നെ പാസ്പോർട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രശോഭിന്റെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങൾ. 'ആൾക്കൂട്ടത്തിൽ തനിയെ'യിലെ അഭിനയത്തിന് 1984ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിനു ശേഷം പ്രശോഭ് സിനിമയിൽ നിന്ന് പടിയിറങ്ങി. അച്ഛൻ പത്മനാഭൻ നായരുടെ പാതയിൽ ബാങ്ക് ഉദ്യോഗസ്ഥനായി.
'പിന്നീട് സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. സിനിമയുടെ വഴിയായിരുന്നില്ല എന്റേത് - പറയുമ്പോൾ പ്രശോഭിന് ഒട്ടും നഷ്ടബോധമില്ല.
ഭാര്യ അനുരാധയും ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഇരുവരും ജോലി രാജിവച്ച് ബിസിനസിലേക്ക് ഇറങ്ങി. ഏഴു വയസുകാരി ദക്ഷിണയാണ് മകൾ. വെള്ളിത്തിരയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്ന തമ്പി കണ്ണന്താനം അരങ്ങൊഴിയുമ്പോൾ കാമറയ്ക്കു മുന്നിൽ സൂപ്പർ താരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ഓർമ്മകളിൽ പ്രണാമം അർപ്പിക്കുകയാണ് പ്രശോഭ്.