ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൾക്ക് തീപിടിച്ചതോടെ രാജ്യത്ത് വാഹന വില്പന മാന്ദ്യത്തിലേക്ക് വീണു. ഇൻഷ്വറൻസ് പ്രീമിയത്തിലെ വർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവ് ഏറിയതിനാൽ മോഡലുകൾക്ക് വില കൂട്ടിയ വാഹന നിർമ്മാതാക്കളുടെ നടപടിയും വിപണിയെ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി സെപ്തംബറിൽ കുറിച്ച നേട്ടം 0.7 ശതമാനം മാത്രം. മാരുതിയുടെ പ്രധാന എതിരാളിയായ ഹ്യൂണ്ടായിയുടെ വില്പന 4.5 ശതമാനം കുറഞ്ഞു. 16 ശതമാനം നഷ്ടമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറിച്ചിട്ടത്.
2018ൽ ഇതുവരെ പെട്രോൾ വിലയിലുണ്ടായ വർദ്ധന ലിറ്ററിന് 13.67 രൂപയാണ്. ഡീസലിന് 15.63 രൂപയും കൂടി. ആറുമാസത്തിനിടെ പെട്രോൾ വില 14 ശതമാനവും ഡീസൽ വില 17 ശതമാനവും ഉയർന്നു. എൻട്രി-ലെവൽ മോട്ടോർസൈക്കിളുകളുടെ ഇൻഷ്വറൻസ് പ്രീമിയത്തിൽ 9,000 രൂപവരെ വർദ്ധനയുണ്ടായത് ടൂവീലർ വില്പനയുടെ താളവും തെറ്രിച്ചു. മിക്ക കമ്പനികളും മുൻ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വില്പന വളർച്ചയോ നഷ്ടമോ ആണ് സെപ്തംബറിൽ രേഖപ്പെടുത്തിയത്.
അതേസമയം, വാണിജ്യ വാഹന വിഭാഗം കഴിഞ്ഞമാസം നേട്ടം കുറിച്ചു. അശോക് ലെയ്ലാൻഡ്,ടാറ്റമോട്ടോഴ്സ്എന്നിവ 26 ശതമാനവും മഹീന്ദ്ര 19 ശതമാനവും വില്പന നേട്ടമുണ്ടാക്കി. ഇന്ധനവില കുതിപ്പുമൂലം വരും മാസങ്ങളിൽ ഈ വിഭാഗവും നഷ്ടം കുറിച്ചേക്കുമെന്ന് വാഹന നിർമ്മാതാക്കൾ വിലയിരുത്തി.