ചെന്നൈ: പ്രശസ്ത സംവിധായകൻ മണിരത്നത്തിന് വധഭീഷണി. മണിരത്നത്തിന്റെ മൈലാപ്പുർ കേശവ പെരുമാൾ കോവിൽ സ്ട്രീറ്റിലുള്ള ഓഫീസിലെ ഫോണിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സംഭവത്തെ തുടർന്ന് മണിരത്നം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് ഓഫീസിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോൺ ചെയ്തയാളെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ചെക്ക ചിവന്ത വാന' ത്തിലെ ചില പരാമർശങ്ങൾക്കെതിരേ വിമർശനമുയർന്നിരുന്നു. സിനിമയിലെ വിവാദഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തുണ്ട്. ഭീഷണിക്ക് പിന്നിൽ ഇവരാണോ എന്നാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.