cpim-branch-secetry

 പാലക്കാട്: മണ്ണാർക്കാട്ടെ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ പാർട്ടിയിലെ തന്നെ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം. കേസിൽ അറസ്റ്റിലായ സി.പി.എം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷുമായി അടുപ്പമുള്ള മഹിളാ അസോസിയേഷൻ നേതാവിനെതിരെയാണ് പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയരുന്നത്.

ഇന്നെലയാണ് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നാട്ടുകൽ പൊലീസ് വിജേഷിനെ അറസ്റ്റ് ചെയ്തത്.ഇയാളെ കേസിൽ നിന്നൊഴിവാക്കാൻ വനിതാ നേതാവ് ഒത്തുതീർപ്പ് ശ്രമം നടത്തിയെന്നാണ് ആരോപണം. അറസ്റ്റ് വിവരം അറഞ്ഞ് സ്റ്റേഷനിലെത്തിയ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയായ നേതാവ് മണിക്കൂറുകളോളം അവിടെ കാത്തിരുന്നു.

സംഭവം പാർട്ടിക്കുള്ളിൽ വിവാദമായതോടെ ഇന്നലെ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെ നടപടി വേണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. വനിതാ നേതാവ് സ്റ്റേഷനിലെത്തിയത് ലോക്കൽ കമ്മിറ്റിയോ ഏരിയാ കമ്മിറ്റിയോ അറിയാതെയായിരുന്നെന്ന്കമ്മിറ്റി വിലയിരുത്തി. പി.കെ. ശശി എം.എൽ.എയ്‌ക്കെതിരായ പരാതിയുയർന്ന മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ഈ സംഭവവും. പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ച ഈ വിവരം ജില്ലാ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ് സൂചന.