rss

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആർ.എസ്.എസ് ദേശീയ നേതൃത്വത്തിനും സംസ്ഥാന ഘടകത്തിനും രണ്ടഭിപ്രായം. ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലും ആരാധനയ്ക്കായി സ്ത്രീകളോട് വിവേചനം പാടില്ലെന്നാണ് ആർ.എസ്.എസ് നിലപാട്. 2016 ൽ രാജസ്ഥാനിൽ ചേർന്ന ആർ.എസ്.എസ് ബൈഠകിൽ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീ പ്രവേശനം വേണമെന്ന് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്തെ ആർ.എസ്.എസ് നേതാക്കളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്രും ദേശീയ നേതൃത്വത്തിനനുകൂലമായ നിലപാട് കൈക്കൊണ്ടിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി 'റെഡി ടു വെയറ്റ് 'എന്ന നിലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രചാരണങ്ങൾ കേരളത്തിലെ ചില ആർ.എസ്. എസ് നേതാക്കൾ നടത്തിയിരുന്നു. അതേസമയം, നിലപാട് തിരുത്തിക്കാൻ സംസ്ഥാന ഘടകം ആർ.എസ്.എസിന്റെ ദേശീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി തുടങ്ങിയെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള ആർ.എസ്.എസ് നേതാക്കൾ സർ സംഘചാലക് മോഹൻഭാഗവതിനെയും ജനറൽ സെക്രട്ടറി സുരേഷ് ജോഷിയെയും കണ്ട് നിലപാട് തിരുത്തണമെന്ന് അഭ്യർത്ഥിച്ചതായി അറിയുന്നു. എന്നാൽ, നേരത്തെ പാസാക്കിയ പ്രമേയത്തിൽ ഉറച്ചു നിൽക്കുകയാണ് ആർ.എസ്.എസ് ദേശീയ നേതൃത്വം. ഇതോടെ യുവതി പ്രവേശനത്തിന്റെ കാര്യത്തിൽ ആർ.എസ്.എസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ രണ്ടു തട്ടിലായി.

കുമ്മനം രാജശേഖരനെ ഗവർണറാക്കിയ കാര്യത്തിലും കേരളത്തിലെ ആർ.എസ്. എസ് നേതൃത്വത്തിന് ഭിന്നാഭിപ്രായമായിരുന്നു. ബി.ജെ.പി, ആർ.എസ്.എസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് എം.പിയാക്കിയപ്പോൾ മുരളീധരനെയും അനുയായികളേയും എതിർക്കുന്ന നിലപാടാണ് ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിലെ ചിലർ കൈക്കൊണ്ടത്. കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ശ്രമിച്ചപ്പോൾ ആർ.എസ്. എസ് സംസ്ഥാന ഘടകം ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. സാമുദായിക സംവരണത്തിന്റെ കാര്യത്തിലും ആർ.എസ്.എസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ വിരുദ്ധ നിലപാടാണ് എടുക്കുന്നത്. ജാതീയമായ അസമത്വം നിലനിൽക്കുന്നിടത്തോളം സാമുദായിക സംവരണം വേണമെന്നാണ് ആർ.എസ്. എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ കേരളത്തിലെ ആർ.എസ്.എസ് നേതൃനിരയിലെ പലരും സാമ്പത്തിക സംവരണത്തെയാണ് അനുകൂലിക്കുന്നത്. ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കുന്നില്ലെന്നും യുവതികളെ കയറ്റാത്തത് ആരാധനാപരമായ പ്രത്യേകത കൊണ്ടാണെന്നും ഇത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് സംസ്ഥാനത്തെ ആർ.എസ്.എസ് നേതാക്കൾ സ്വീകരിക്കുന്ന നിലപാട്. ഇതോടെ ബി.ജെ.പിയും സ്ത്രീ പ്രവേശനത്തിനെതിരെ പരസ്യ നിലപാടെടുക്കുകയാണ്. മഹിളാ മോർച്ചയും യുവമോർച്ചയും സമരരംഗത്തിറങ്ങിക്കഴിഞ്ഞു.