vijay

 തമിഴിലെ മഹാനടൻമാരെല്ലാം ഒന്നിന് പിറകെ ഒന്നായി രാഷ്ട്രീയത്തിൽ ഒരു കൈനോക്കാനായി ഇറങ്ങിയിരിക്കുകയാണ്. തമിഴകത്തിന്റെ ഇളയ ദളപതിയും ഒരു സർക്കാർ രൂപീരിക്കുകയാണ്, പക്ഷേ അത് സിനിമയിലാണെന്ന് മാത്രം. വിജയ് യുടെ അറുപത്തിരണ്ടാമത്തെ ചിത്രമാണ് സർക്കാർ. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആഡിയോ റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങിലേക്കെത്തിയ വിജയിനെ ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ചടങ്ങിൽ അവതാരകൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി, മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഉത്തരമായി നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്.

മുഖ്യമന്ത്രിയായാൽ അഭിനയിക്കില്ല എന്നായിരുന്നു ആദ്യ മറുപടി, പിന്നാലെ സമൂഹത്തിൽ വ്യാപകമായ അഴിമതിയെ തുടച്ച് മാറ്റാനുള്ള വഴിയും അദ്ദേഹം പറഞ്ഞു, ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥൻ അഴിമതിക്കറ പുരളാത്ത, കൈക്കൂലി വാങ്ങാത്തയാളാണെങ്കിൽ താഴെ സ്ഥാനത്തുള്ളവരും നല്ലവരാകുമെന്നും അത് പോലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് നല്ല വഴിയിലൂടെ സഞ്ചരിച്ചാൽ പാർട്ടി മൊത്തത്തിൽ നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹം കുറച്ച് നാളായി തമിഴകത്ത് ശക്തമാണ്, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകൾ ഈ വാദത്തിന് ശക്തി പകരുന്നതുമാണ്.