bishop-franko

 കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. ജാമ്യം നൽകിയാൽ ഫ്രാങ്കോ കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവച്ചു. ഇതോടെ ബിഷപ്പ് പതിനൊന്നാം ദിവസവും ജയിലിൽ തുടരും. കൂടാതെ ഇത് പീഡനക്കേസായതിനാൽ മറ്റ് വശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പ്രാഥമിക അന്വേഷണം നടക്കുന്നേയുള്ളൂ, സഭയിൽ ഉന്നതസ്വാധീനമുള്ള ബിഷപ്പിനെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിയ്ക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. ബിഷപ്പിന്റെ ജാമ്യം പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ ഡി.ജി.പി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

അതേസമയം, ജാമ്യത്തിന്റെ വഴി അടഞ്ഞ ഫ്രാങ്കോയ്ക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്ന് പുനഃപരിശോധനാ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാം. അല്ലെങ്കിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാം. മേൽക്കോടതിയിലേക്ക് പോകാതെ ഹൈക്കോടതിയിൽ തന്നെ റിവ്യൂ ഹർജി നൽകാനാണ് ബിഷപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നീക്കമെന്നാണ് സൂചന.