തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ചത് സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല കാര്യങ്ങളിലും അടിസ്ഥാനരഹിതമായ സംശയങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനവികാരം സർക്കാരിനെതിരായി തിരിച്ചുവിടാൻ പറ്റുമോയെന്നാണ് ചെന്നിത്തല നോക്കുന്നത്. പ്രളയമുണ്ടായപ്പോഴും ഇത് കണ്ടതാണ്. അന്ന് അടിസ്ഥാനരഹിതമായ സംശയങ്ങൾ ഉന്നയിച്ചപ്പോൾ വസ്തുതകൾ പുറത്ത് വന്നതോടെ ചെന്നിത്തലയുടെ ആരോപണങ്ങൾ ജനങ്ങൾ തള്ളുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.