ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പൂഞ്ചിൽ അതിർത്തികടന്ന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് അനധികൃതമായി പ്രവേശിച്ച പാക് ഹെലികോപ്ടറിനെ തകർക്കാൻ ഇന്ത്യ രണ്ട് മിഗി 21 വിമാനങ്ങളെ അയച്ചുവെന്ന് റിപ്പോർട്ടുകൾ. ഹെലികോപ്ടർ അതിക്രമിച്ച് കയറി എന്ന സൂചന റഡാറിൽ നിന്നും ലഭിച്ച നിമിഷത്തിൽ തന്നെ ശ്രീനഗർ സൈനികത്താവളത്തിൽ നിന്നും പൂർണസജ്ജമായി നിലയുറപ്പിച്ചിരുന്ന രണ്ട് പോർവിമാനങ്ങൾ (മിഗ് 21 എന്ന് സൂചന) അതിർത്തിയിലേക്ക് കുതിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വന്ന ഹെലികോപ്ടർ ആയുധ പ്രയോഗം നടത്താതിരുന്നതിനാൽ ചെറിയ വെടിക്കോപ്പ് ഉപയോഗിച്ചാണ് അതിർത്തിയിലെ സൈന്യം വെടിവച്ചത്. ഹെലികോപ്ടറിനെ തകർക്കാനല്ല,തടയുവാൻ മാത്രമായിരുന്നു അതിർത്തി രക്ഷാ സേനയിലെ സൈനികർ ഉദ്ദേശിച്ചത്. അതേ സമയം ശത്രുവിമാനത്തെ കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമസേന വിമാനങ്ങളെ അയച്ചത്.
പാക് അധീന കാശ്മീരിലെ പ്രധാനമന്ത്രിയായിരുന്നു ഹെലികോപ്ടറിലെന്ന റിപ്പോർട്ടുകൾ വൈകിയാണ് പാക് മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയത്. പാക് സർക്കാർ തങ്ങളുടെ ഹെലികോപ്ടർ ഇന്ത്യൻ അതിർത്തി ലംഘിച്ച് കയറിയിട്ടില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യൻ സൈന്യം ഹെലികോപ്ടറിന്റെ അതിർത്തി ലംഘനം വീഡിയോ തെളിവ് സഹിതമാണ് പുറത്ത് വിട്ടത്.