രുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ചതിൽ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ബ്രൂവറികൾ അനുവദിക്കുന്നതുകൊണ്ട് മദ്യം ഒഴുകില്ല. ബ്രൂവറികൾ അനുവദിയ്ക്കുന്നത് മദ്യത്തിന്റെ ഇറക്കുമതി കുറയാനാണ് ഇടയാക്കുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്രപരസ്യം നൽകിയല്ല ബ്രൂവറികൾ അനുവദിച്ചുവെന്ന ആരോപണമാണ് ചെന്നിത്തല ഉന്നയിക്കുന്നത്. ഇത് ചെന്നിത്തലയ്ക്കും അറിയാമെന്നും പിണറായി പറഞ്ഞു. എന്നാൽ ബ്രൂവറികൾ അനുവദിക്കുന്നതിന് പത്രപ്പരസ്യം നൽകുകയോ പൊതുവായ അപേക്ഷകളോ ക്ഷണിക്കാറില്ല. പകരം അതാത് കാലങ്ങളിൽ ബന്ധപ്പെട്ട സർക്കാരുകൾ തങ്ങളുടെ മുന്പിലെ അപേക്ഷകൾ പരിശോധിച്ച് അവയ്ക്ക് അനുമതിയും തുടർന്ന് വിശദ പരിശോധനയ്ക്ക് ശേഷം ലൈസൻസ് നൽകുകയും ചെയ്യുന്നതാണ് രീതി. പത്രപ്പരസ്യം നൽകിയില്ല എന്നതാണ് ആരോപണമെങ്കിൽ മുൻകാല കോൺഗ്രസ് നേതാക്കളും അതിൽപ്പെടും എന്നതാണ് വസ്തുത.
ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് മദ്യം ചില്ലറയായി വിതരണം ചെയ്യുന്നില്ല. വിതരണം നടക്കുന്നത് ബാറുകൾ വഴിയെ ബെവ്കോ വഴിയോ ആണ്. നിലവിൽ മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് ബെവ്കോയ്ക്ക് ലഭിക്കുന്നത്. കൂടുതലായി മദ്യം ഇവിടെ ഉപാദിപ്പിച്ചാൽ പുറത്ത് നിന്നുള്ള വരവ് കുറയും. അതുവഴി അന്യസംസ്ഥാന മദ്യലോബിയ്ക്ക് നഷ്ടമുണ്ടാകും. ഇതിൽ അസ്വസ്ഥരായിട്ടാണോ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഫലത്തിൽ പുറത്ത് നിന്നുള്ള കന്പനികൾക്ക് നഷ്ടം സംഭവിക്കും. മദ്യനിരോധനമല്ല, മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം. ആ നയവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
1999 ലെ ഉത്തരവ് ഇനി ഡിസ്റ്റിലറികളേ വേണ്ട എന്നല്ല. ബ്രൂവറികൾ അനുവദിയ്ക്കുന്ന കാര്യം മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും ബ്രൂവറി റൂൾസ് അനുസരിച്ച് ഒരു വകുപ്പിന് മന്ത്രിസഭായോഗത്തിൽ അനുമതി തേടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയതായി ബ്രൂവറികൾ തുടങ്ങുന്നത് തൊഴിലവസരം കൂട്ടും. നികുതി വരുമാനത്തിലും വർദ്ധനയുണ്ടാകും. ഇടത് സർക്കാരിന്റെ മദ്യനയത്തിൽ ആശങ്ക വേണ്ട. മദ്യവർജനത്തിനായി ഇന്നുള്ളതിനെക്കാൾ ശക്തമായ ഇടപെടലുകൾ സർക്കാർ നടത്തും.
ഇതിനായി ലഹരിവിമുക്ത കേന്ദ്രങ്ങൾ തുടങ്ങും. കോഴിക്കോട് കിനാലൂരിൽ മാതൃകാ ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങും.