തിരുവനന്തപുരം: പ്രളയാനന്തരം ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും ചേർന്ന് നടത്തിയ പഠനമനുസരിച്ച് പ്രധാന മേഖലകളിലെ മാത്രം നഷ്ടം 25,050 കോടിയുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുവദിക്കാൻ പോകുന്ന വായ്പയുമായി ബന്ധപ്പെട്ട്, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച നഷ്ടമാണ് അവർ വിലയിരുത്തിയത്.
ഭവനനിർമ്മാണം (2534കോടി), പൊതുസ്ഥാപനങ്ങൾ (191കോടി), നഗരങ്ങളിലെ അടിസ്ഥാനസൗകര്യം (2093കോടി), ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യം (5216കോടി), ജലസേചനവും ജലവിതരണവും (1484 കോടി), വൈദ്യുതി (353കോടി), ഗതാഗതം (8554കോടി), ആരോഗ്യം (280കോടി), ടൂറിസം ഉൾപ്പെടെ ജീവിതോപാധികൾക്കുണ്ടായ നഷ്ടം (3801കോടി), പരിസ്ഥിതി ജൈവവൈവിദ്ധ്യം (452കോടി), സാംസ്കാരിക പൈതൃകം (86കോടി) എന്നിങ്ങനെയാണ് കണക്കാക്കിയ നഷ്ടം. വ്യവസായവും കച്ചവടവും പോലുള്ള മേഖലകളിലെ യഥാർത്ഥനഷ്ടം ഇവർ കണക്കാക്കിയിട്ടില്ല. ഉപജീവനമാർഗങ്ങൾ, തൊഴിൽ എന്നിവയുടെ നഷ്ടം കൂടി വരുമ്പോൾ ലോകബാങ്ക്- എ.ഡി.ബി കണക്കുകളേക്കാൾ കൂടും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഭൂമിയുടെ വില മാത്രം ഏകദേശം 400കോടി വരും. ഇതെല്ലാമാകുമ്പോൾ യഥാർത്ഥനഷ്ടം ഇതിനേക്കാൾ വളരെയേറെയാകുമെന്നുറപ്പാണ്.
സർക്കാർ ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തി കേന്ദ്രത്തിന് പ്രത്യേക പാക്കേജ് സമർപ്പിക്കും. കേന്ദ്രസഹായം, അന്താരാഷ്ട്ര, ആഭ്യന്തര ധനകാര്യ ഏജൻസികളിലും ബാങ്കുകളിലും നിന്നുള്ള വായ്പ, ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സംഭാവന, പദ്ധതിവിഹിതത്തിൽ വരുത്തിയ കുറവ് വഴി കിട്ടുന്ന തുക എന്നിവയാണ് പുനർനിർമ്മാണത്തിന് വിനിയോഗിക്കാൻ ലഭിക്കുക. ഈ തുക പക്ഷേ അപര്യാപ്തമായിരിക്കും. പദ്ധതിവിഹിതത്തിൽ കുറവ് വരുത്തിയത് വഴി 2000കോടിയാണ് കിട്ടുക. ഈ തുക ബന്ധപ്പെട്ട മേഖലയിലെ പുനർനിർമ്മാണത്തിന് വിനിയോഗിക്കും. ധനസമാഹരണമാണ് ഈ ഘട്ടത്തിൽ പ്രധാന വെല്ലുവിളി. അതിനാലാണ് മന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളുടെ സഹായം തേടുന്നത്. സമുദ്രനിരപ്പിൽ നിന്ന് താഴെ കിടക്കുന്ന കുട്ടനാട് മേഖലയുടെ പുനർനിർമ്മാണത്തിന് നെതർലന്റിന്റെ സാങ്കേതികസഹായം കേരളം തേടിയിരുന്നു. ഇതിന് അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.