sabarimala

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. വിധി നടപ്പാക്കാനുള്ള നടപടികളുമായി ബോർഡ് മുന്നോട്ട് പോകുമെന്നും യോഗത്തിന് ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

സർക്കാരിന്റെ നിലപാടിനൊപ്പമാണ് ദേവസ്വം ബോർഡും. പുന:പരിശോധനാ ഹർജി തുറന്ന കോടതിയിൽ പോലും എത്താൻ സാദ്ധ്യതയില്ലെന്നാണ് നിയമോപദേശം. ഈ സാഹചര്യത്തിലാണ് അത്തരമൊരു തീരുമാനത്തിൽ നിന്ന് പിന്മാറുന്നതെന്നും പദ്മകുമാർ പറഞ്ഞു. വിധിയെ തുടർന്ന് വിശ്വാസികളായ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നന്നായറിയാം. എന്നാൽ കോടതി വിധി മാനിക്കുകയേ വഴിയുള്ളൂ.

കോടതി കേസ് പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് നിലപാട് അറിയിച്ചിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങളെ രാഷ്ട്രീയമായി കാണേണ്ടതില്ല. പമ്പ,​ നിലയ്ക്കൽ,​ ശബരിമല എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഇതിനായി 150 കോടി കിഫ്ബി അനുവദിക്കും. പമ്പയിൽ 600 ഉം നിലയ്ക്കലിൽ 700 ടോയ്‌ലറ്റുകളും നിർമിക്കും. പമ്പ ഹിൽടോപ്പിൽ നിന്ന് ഗണപതി ക്ഷേത്രത്തിലേക്ക് പാലം പണിയുമെന്നും പ്രസിഡന്റ് അറിയിച്ചു. ഇതിനായി കിഫ്ബിയുമായി 25 കോടിയുടെ ധാരണാപത്രം ഒപ്പുവച്ചു. മകരവിളക്കിന് ശേഷമായിരിക്കും പാലത്തിന്റെ പണി തുടങ്ങുകയെന്നും പദ്മകുമാർ പറഞ്ഞു.