ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി രംഗത്ത്. വിമാനത്തിന്റെ നിർമ്മാണത്തിനായി ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുത്തത് ദസ്സോ ഏവിയേഷനാണെന്നും ഇന്ത്യൻ സർക്കാരിനോ വ്യോമസേനയ്‌ക്കോ അക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു. ഉപഭൂഖണ്ഡത്തിൽ മേൽകൈ നേടുന്നതിന് റാഫേൽ വിമാനം ഇന്ത്യയെ സഹായിക്കുമെന്നും റഫാൽ ഇടപാട് മികച്ച ഒരു പാക്കേജാണെന്നും അദ്ദേഹം വ്യക്തമാക്കി.
റാഫേൽ ഇടപാടിൽ കേന്ദ്രസർക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡിനെ കേന്ദ്രസർക്കാർ സഹായിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 36 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നിർമിച്ച് വാങ്ങാനാണ് മോദിസർക്കാർ ഫ്രഞ്ച് സർക്കാരുമായി കരാർ ഒപ്പിട്ടത്.