പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ സിഡ്കോയുടെ മാനേജിംഗ് ഡയറക്ടർ കെ.ബി.ജയകുമാറിനെതിരെ ലൈംഗികാരോപണവുമായി കീഴുദ്യോഗസ്ഥ. ജൂലായ് 25മുതൽ 28വരെ എം.ഡി നേരിട്ടും ഫോണിലൂടെയും ആശ്രിതനായ ഉദ്യോഗസ്ഥൻ മുഖേനയും ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ്, എം.ഡിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമം 354 (എ)(1) 4 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജയകുമാർ എം.ഡിയായി ചുമതലയേറ്റെടുത്തതിനു ശേഷം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തു എന്നാണ് പരാതി. ശാരീരികമായി ചൂഷണം ചെയ്യുക എന്നലക്ഷ്യത്തോടെ തന്നെ വശംവദയാക്കാൻ നിരന്തരം ശ്രമിക്കുകയും നടക്കാതെവന്നപ്പോൾ പ്രതികാരബുദ്ധിയോടെ തുടർച്ചയായി സ്ഥലംമാറ്റി മന:സമാധാനത്തോടെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിൽ തന്നെ എത്തിച്ചിരിക്കുകയാണെന്നും പരാതിക്കാരി ആരോപിക്കുന്നു.
എം.ഡി താമസിച്ചിരുന്ന തൃശൂരിലേയോ പാലക്കാട്ടെയോ ഹോട്ടലിലേക്ക് ചെല്ലാൻ നിർബന്ധിച്ചു. എം.ഡിയെ ഹോട്ടലിൽ പോയിക്കണ്ടാൽ തന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്ന് എം.ഡിയുടെ സഹായിയായ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് അവധിയിൽ പോകാൻ ചിലർ ഉപദേശിച്ചു. ഒരു സ്ത്രീ എന്ന നിലയിൽ സ്ഥാപനത്തിലെ എം.ഡിയോട് കലഹിച്ച് മുന്നോട്ട് പോകാനുള്ള ബുദ്ധിമുട്ടുകൊണ്ട് താൻ ജൂൺ 30ന്റെ അവസാന സ്ഥലം മാറ്ര ഉത്തരവ് കൈപ്പറ്റിയ ശേഷം 25 ദിവസത്തെ മെഡിക്കൽ അവധി കഴിഞ്ഞ് ജൂലായ് 25ന് ജോലിയിൽ പ്രവേശിച്ചു. അപ്പോഴും എം.ഡി നേരിട്ടും അല്ലാതെയും വശംവദയാക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നു.
അടിസ്ഥാനരഹിതം: എം.ഡി.
ഉദ്യോഗസ്ഥയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം.ഡി കെ.ബി ജയകുമാർ പറഞ്ഞു. ഇവർക്കെതിരെ ക്രമക്കേടുകൾക്ക് നിരവധി ആരോപണങ്ങളുണ്ട്. ചില വ്യവസായികൾക്ക് മാത്രം ഓർഡറുകൾ കൊടുത്തു എന്ന ആക്ഷേപവുമുണ്ട്. ഇത് ചോദ്യം ചെയ്തതുകൊണ്ട് തന്നോടുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ജയകുമാർ പറഞ്ഞു.