kpac-lalitha

 

 

സിനിമയിൽ തങ്ങൾക്ക് നേരിടേണ്ടി വരുന്നതും വന്നിട്ടുളളതുമായ ലൈംഗിക പീഡനങ്ങളക്കുറിച്ച് ഭാഷാഭേദമന്യേ നടിമാർ രംഗത്തു വരുന്ന കാലഘട്ടമാണിത്. മലയാള സിനിമയിൽ തുടങ്ങി ബോളിവുഡിൽ വരെ ഇക്കാര്യത്തിൽ 'മീ ടു' കാമ്പയിനുകളടക്കമുള്ള പ്രതിഷേധത്തിന്റെ അലയടി ഇനിയും അവസാനിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മാത്രമല്ല വർഷങ്ങൾക്ക് മുമ്പ് തന്നെ പുരുഷാധിപത്യവും സ്ത്രീകൾക്ക് മേലുള്ള ചൂഷണവും സിനിമാ മേഖലയിൽ നിലനിൽക്കുന്നുണ്ടെന്ന് പറയുകയാണ് പ്രമുഖ നടി കെ.പി.എ.സി ലളിത. അടൂർഭാസി എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും ഹാസ്യസാമ്രാട്ടിൽ നിന്നാണ് തനിക്ക് ഓർക്കാൻ ഒരിക്കലും ഇഷ്‌ടപ്പെടാത്ത അനുഭവങ്ങൾ നേരിടേണ്ടി വന്നതെന്ന് കെ.പി.എ.സി ലളിത പറയുന്നു.

'ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീർ സാറിനെക്കാൾ സ്വാധീനവും പ്രാപ്‌തിയും അടൂർഭാസിക്കുണ്ടായിരുന്നു. ഒരിക്കൽ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാൻ തുടങ്ങി. ഒടുവിൽ ഛർദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടൻ ബഹദൂർ) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോൾ സഹികെട്ട് അന്ന് മലയാളത്തിൽ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ ഞാൻ പരാതി നൽകുകയായിരുന്നു. എന്നാൽ അടൂർഭാസിക്കെതിരെ പരാതി നൽകാൻ നീ ആരെന്ന് ചോദിച്ച് സംഘടനയുടെ അദ്ധ്യക്ഷനായ നടൻ ഉമ്മർ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങൾക്ക് ഈ സ്ഥാനത്തിരിക്കാൻ എന്ന് ഒടുവിൽ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു' -കെ.പി.എ.സി ലളിത പറഞ്ഞു.

കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായ കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തൽ. സംഭവബഹുലമായ അഭിമുഖത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഫ്ളാഷ് മൂവിസിന്റെ ഒക്‌ടോബർ ലക്കത്തിൽ വായിക്കാം.