സ്റ്രോക്ഹോം: പ്രോട്ടീൻ ഗവേഷണത്തിലൂടെ പുതിയ എൻസൈമുകളെയും ആന്റിബോഡികളെയും സൃഷ്‌ടിച്ച അമേരിക്കൻ ശാസ്‌ത്രജ്ഞരായ ഫ്രാൻസെസ് എച്ച്. അർനോൾഡ്, ജോർജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ സർ ഗ്രിഗറി പി. വിന്റർ എന്നിവർ ഈ വർഷത്തെ രസതന്ത്ര നോബൽ പങ്കിട്ടു. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ കെമിക്കൽ എൻജിനിയറിംഗ് പ്രൊഫസറായ ഫ്രാൻസെസ് എച്ച്. അർനോൾഡ് രസതന്ത്ര നോബൽ നേടുന്ന അഞ്ചാമത്തെ വനിതയാണ്.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിലെ ജനിതക മാറ്റം, പ്രകൃതിയുടെ തിരഞ്ഞെടുപ്പ് എന്നീ തത്വങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഫ്രാൻസെസ് എച്ച്. അർനോൾഡിന്റെ ഗവേഷണം. ജനിതക മാറ്റങ്ങളിലൂടെ ഒരു പ്രോട്ടീനിന്റെ പരിണാമത്തെ പരീക്ഷണ ശാലയിൽ നിയന്ത്രിച്ച് ഒരു എൻസൈമിന്റെ പല വകഭേദങ്ങൾ അർനോൾഡ് സൃഷ്‌ടിച്ചു. രോഗ ചികിത്സയ്‌ക്കും ഔഷധങ്ങളുടെയും ജൈവ ഇന്ധനങ്ങളുടെയും നിർമ്മാണത്തിനും ഇതിൽ ഏറ്റവും ഫലപ്രദമായത് തിരഞ്ഞെടുക്കാമെന്നതാണ് നേട്ടം. ജൈവ കോശങ്ങളിലെ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന പ്രോട്ടീനുകളാണ് എൻസൈമുകൾ. പ്രധാന ഗവേഷണം ഇതായതിനാൽ സമ്മാനത്തുകയായ 9,98,618 ഡോളറിന്റെ (7.2 കോടി രൂപ) പകുതി ഫ്രാൻസെസിന് ലഭിക്കും. ബാക്കി മറ്റ് രണ്ട് പേർ പങ്കിടും.
ഡാർവിന്റെ തത്വങ്ങളെ ടെസ്റ്റ് ട്യൂബിൽ പ്രയോഗിച്ച ശാസ്‌ത്രജ്ഞർ പരിണാമത്തിലൂടെ വിപ്ലവം സൃഷ്‌ടിച്ചതായി റോയൽ സ്വീഡിഷ് അക്കാഡമിയുടെ പ്രഖ്യാപനത്തിൽ പറയുന്നു.
ബാക്ടീരിയയെ ബാധിക്കുന്ന ഒരു വൈറസിന്റെ (ബാക്ടീരിയോഫേജ് ) സഹായത്താൽ പ്രോട്ടീൻ ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയതാണ് കൊളംബിയയിലെ യൂണിവേഴ്സിറ്റി ഒഫ് മിസോറിയിലെ ബയോളജിക്കൽ സയൻസ് പ്രൊഫസറായ ജോർജ് സ്മിത്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സമാനമായ ഗവേഷണമാണ് ബ്രിട്ടനിലെ എം.ആർ.സി മോളിക്യുലാർ ബയോളജി ലബോറട്ടറിയിലെ ബയോകെമിസ്റ്റായ ഗ്രിഗറി പി. വിന്ററും നടത്തിയത്. ബാക്ടീരിയോ ഫേജിനെ ഉപയോഗിച്ച് പുതിയ ആന്റിബോഡി (ഉപദ്രവകാരിയായ ബാക്‌ടീരിയയെയും വൈറസിനെയും നിർവീര്യമാക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ ഉപയോഗിക്കുന്ന പ്രോട്ടീൻ) ഉത്പാദിപ്പിക്കാമെന്ന് ഇവർ കണ്ടെത്തി. ഈ സങ്കേതത്തിലൂടെ സൃഷ്‌ടിച്ച ആദ്യത്തെ ആന്റിബോഡിയാണ് 'അഡാലിമുമാബ്".
2002ൽ അംഗീകാരം കിട്ടിയ ഈ ആന്റിബോഡി റുമറ്റോയിഡ് ആർത്രൈറ്റിസ്, സോറിയാസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്. തുടർ ഗവേഷണങ്ങളിൽ, ശരീരത്ത് പടരുന്ന കാൻസർ (മെറ്റാസ്റ്റാറ്റിക് കാൻസർ), നാഡീരോഗങ്ങൾ എന്നിവയുടെ ചികിത്സയ്‌ക്കും വിഷാംശം നിർവീര്യമാക്കാനുമുള്ള ആന്റിബോഡികൾ ഫേജ് ഡിസ്‌പ്ലേ സങ്കേതത്തിലൂടെ വികസിപ്പിച്ചു. ഔഷധ നിർമ്മാണത്തിൽ വലിയ കുതിച്ചുചാട്ടം സൃഷ്‌ടിച്ച കണ്ടുപിടിത്തമാണിത്.