കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ജസ്റ്റിസ് കെമാൽ പാഷ. ഇതൊന്നും കോടതിക്ക് വിടേണ്ട വിഷയമായിരുന്നില്ലെന്നും ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ ഹർജിക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ തൂലിക പുരസ്കാന ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ''ഇത്തരമൊരു ഹർജിക്കായി ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല. ഇതൊന്നും കോടതിക്ക് വിടേണ്ട കാര്യമല്ല. ഇനി ഇപ്പോൾ ശബരിമലയിൽ സ്ത്രികളെ മേൽശാന്തിയാക്കണം എന്ന ആവശ്യവും ഉയർന്നേക്കാം. കോടതിക്ക് മുന്നിൽ ഒരു വിഷയം വന്നാൽ തീർപ്പാക്കാതെ മറ്റ് മാർഗങ്ങളില്ല.
പട്ടിണി കിടക്കുന്നവർ, ഭവന രഹിതർ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ എന്നിവരുടെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് ശബരിമലയും സ്വവർഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചർച്ച ചെയ്‌തു സമയം കളയുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുത്""- കെമാൽ പാഷ പറഞ്ഞു.