balabhaskar

 തിരുവനന്തപുരം: മലയാളികൾ സംഗീതത്തിന്റെ പുതുലോകം സമ്മാനിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഓർമ്മയിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. ബാലഭാസ്കറിന്റെ സംസ്കാരത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഒത്തുചേർന്ന സുഹൃത്തുക്കൾ ബാലുവിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞു.

ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന സ്റ്റീഫൻ ദേവസ്യയുടെ വാക്കുകൾ വികാരനിർഭരമായിരുന്നു. ബാലുവിനെ കുറിച്ച് സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ, ''ബാലുവാണ് എനിക്ക് എല്ലാ പ്രചോദനവും നൽകിയത്. ജീവിതത്തിൽ ആദ്യമായി ഒരു ഫ്യൂഷൻ വായിക്കുന്നത് ബാലുവിന് ഒപ്പമാണ്. പിന്നീട് നീണ്ട പതിനാല് വർഷങ്ങൾ ഞങ്ങൾ ഒപ്പമുണ്ടായിരുന്നു.

നവംബറിൽ ഒരു പരിപാടി  ഉണ്ടായിരുന്നു. അതിന് അവൻ ഉണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. അവനെ കണ്ട നിമിഷം ഞാൻ നെറ്റിയിൽ ഉമ്മ നൽകി പ്രാർത്ഥിച്ചു""- വാക്കുകൾ അവസാനിപ്പിക്കാനാകാതെ സ്റ്റീഫൻ വിതുമ്പി. നമുക്ക് എല്ലാവർക്കും ചേർന്ന് ആ സംഗീതം നിലനിർത്താമെന്നും ബാലഭാസ്‌കറിന്റെ മ്യൂസിക് ബാന്റ് ഏറ്റെടുത്തു നടത്തുമെന്നും സ്റ്റീഫൻ അറിയിച്ചു.