ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളൻ എന്ന് വിളിച്ചതിന് പിന്നാലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മേധാവി ദിവ്യ സ്‌പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളൻ എന്ന് വിളിച്ച് ദിവ്യ അധിക്ഷേപിച്ചത്. ഇതിന് പിന്നാലെ ദിവ്യയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മുതിർന്ന നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്‌ക്ക് ദിവ്യയുടെ ചുമതലകൾ കൂടി നൽകിയിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദിവ്യയുടെ രാജി എന്നാണ് സൂചന. നിലവിൽ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് കെെകാര്യം ചെയ്യുന്നത് നിഖിലാണ്.
ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ് വാർദ്ധയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുൾപ്പെടെ ദിവ്യ മാറി നിന്നതോടെയാണ് സ്ഥാനത്ത് നിന്നും മാറിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. അതേസമയം, കൂടുതൽ ഉയർന്ന സ്ഥാനം നൽകാനാണ് സോഷ്യൽ മീഡിയ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.