പ്രതിഷേധ പ്രകടനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമിടയിൽ പൊതുമുതൽ നശിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സംഘടനാ നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന സുപ്രീംകോടതിവിധി ഇന്നത്തെ സാഹചര്യങ്ങളിൽ അതീവ പ്രസക്തിയുള്ളതാണ്. എന്തിനുമേതിനും പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും കണ്ണിൽക്കണ്ടതെല്ലാം അടിച്ചുതകർക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. പ്രക്ഷോഭങ്ങൾ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിൽ പങ്കെടുക്കുന്നവർ നടത്താറുള്ള അഴിഞ്ഞാട്ടങ്ങളുടെ പേരിലാകും. ആസൂത്രിതമായിത്തന്നെ ഏത് പ്രക്ഷോഭവും അക്രമങ്ങളിലേക്കു തിരിച്ചുവിടാൻ പാകത്തിൽ പ്രവർത്തിക്കുന്ന ഗൂഢസംഘങ്ങളും കുറവല്ല. നിനച്ചിരിക്കാതെ അക്രമങ്ങൾ നടക്കുമ്പോൾ പൊതുമുതൽ മാത്രമല്ല സ്വകാര്യ മുതലും വൻതോതിൽ നശിപ്പിക്കപ്പെടാറുണ്ട്. രംഗം പന്തിയല്ലെന്നു കാണുന്ന മാത്രയിൽ ഷട്ടറും താഴ്ത്തി രക്ഷപ്പെടാൻ സ്ഥാപനമുടമകൾ ശ്രമിച്ചാലും ഏറിയും കുറഞ്ഞും നാശനഷ്ടങ്ങൾ വരുത്തിയശേഷമേ അക്രമികൾ പിൻവാങ്ങാറുള്ളൂ. അക്രമാസക്തമായ പ്രകടനത്തിനിടയിലേക്ക് അറിയാതെ എത്തിപ്പെടുന്ന വാഹനങ്ങളായിരിക്കും ആദ്യം ആക്രമണത്തിനിരയാകുക. പൊതു-സ്വകാര്യ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത് രാജ്യത്ത് സർവ്വസാധാരണമായിട്ടുണ്ട്. നിയമപാലകർ നോക്കിനിൽക്കെയായിരിക്കും ഇതൊക്കെ അരങ്ങേറുന്നത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റും കേസുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും അവയൊക്കെ എഴുതിത്തള്ളാറാണ് പതിവ്. അതിക്രമങ്ങൾ നടത്തുന്നവർ പിന്നീട് ഭരണത്തിലെത്തുമ്പോൾ ആദ്യം ചെയ്യുന്നത് തങ്ങൾ പ്രതിപക്ഷത്തായിരുന്നപ്പോൾ ഉണ്ടായ കേസുകൾ എഴുതിത്തള്ളാൻവേണ്ട നടപടി സ്വീകരിക്കുക എന്നതാണ്.
ഒക്ടോബർ ഒന്നിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിൽ നിന്നുണ്ടായ സുപ്രധാന വിധി ഏറെ ശ്രദ്ധേയമാകുന്നത് അതിലെ കർക്കശ വ്യവസ്ഥകളാലാണ്. പ്രതിഷേധ പ്രകടനങ്ങളിൽ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായാൽ അത് ആഹ്വാനം ചെയ്ത സംഘടനയുടെ നേതാക്കളായിരിക്കും ഉത്തരവാദികൾ. ഇവരിൽനിന്ന് ഉചിതമായ നഷ്ടപരിഹാരം ഇൗടാക്കുകതന്നെ വേണം. നാശനഷ്ടം തിട്ടപ്പെടുത്തി തുല്യമായ തുക കോടതിയിൽ കെട്ടിവച്ചശേഷമേ കേസിലുൾപ്പെട്ടവർക്ക് ജാമ്യം പോലും അനുവദിക്കാവൂ. നാശനഷ്ടം നേരിട്ടവർക്ക് തോതനുസരിച്ച് ഇവരിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കി നൽകണം. ഏതെങ്കിലും ഒരു കക്ഷിയുടെയോ സംഘടനയുടെയോ ആഹ്വാനപ്രകാരം നടക്കുന്ന പരിപാടിക്കിടെ സംഘർഷവും അക്രമവും ഉണ്ടാവുകയും വസ്തുവകകൾ നശിപ്പിക്കപ്പെടുകയും ചെയ്താൽ സംഘടനാ നേതാക്കൾ ഇരുപത്തിനാലുമണിക്കൂറിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. നിബന്ധന പാലിക്കാത്തവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് പൊലീസ് തുടർ നടപടികൾ സ്വീകരിക്കണം. നാശനഷ്ടങ്ങളുടെ തോത് നിശ്ചയിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിച്ച് അത് കെട്ടിവയ്പിച്ച ശേഷമേ നേതാക്കളെ ജാമ്യത്തിൽ വിട്ടയയ്ക്കാവൂ. ആൾക്കൂട്ട അതിക്രമങ്ങൾ നേരിടാനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ ഇക്കഴിഞ്ഞ ജൂലായ് 17 നും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് അനുബന്ധമെന്നപോലെയാണ് ഒക്ടോബർ ഒന്നിലെ പുതിയ നിർദ്ദേശങ്ങൾ. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ ഹർജി തീർപ്പാക്കവെയാണ് ഇതുണ്ടായത്. പദ്മാവത് എന്ന വിവാദ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമങ്ങളായിരുന്നു ഹർജിക്കാധാരമായ പ്രശ്നം.രാജ്യമൊട്ടാകെ ഇൗ ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ വ്യാപകമായ അക്രമങ്ങളുണ്ടായി. ചിത്രം പ്രദർശിപ്പിച്ചപോലെ തിയേറ്ററുകളും ആക്രമിക്കപ്പെട്ടിരുന്നു. സമീപകാലത്ത് രാജ്യത്തെ ഒട്ടേറെ തിയേറ്ററുകൾ ഇമ്മാതിരി അക്രമ സംഭവങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയം, ചിത്രീകരണം, ഗാനങ്ങൾ, നൃത്തരംഗങ്ങൾ എന്നിവയുടെയൊക്കെ പേരിൽ നിക്ഷിപ്ത താത്പര്യക്കാർ കലാപത്തിനിറങ്ങുക പതിവാണ്. രാഷ്ട്രീയ- സാമൂഹിക സംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങുമ്പോഴും അക്രമ സംഭവങ്ങൾ പതിവായിട്ടുണ്ട്. ആൾക്കൂട്ടബലത്തിൽ എന്തും ചെയ്യാനുള്ള വാസനയാണ് പലപ്പോഴും അക്രമത്തിലേക്ക് അവരെ തിരിച്ചുവിടുന്നത്. സുപ്രീംകോടതിയുടെ പുതിയ വിധി എത്രത്തോളം ഫലവത്താകുമെന്ന് ഉറപ്പാക്കേണ്ടത് അതാത് ഇടത്തെ നിയമ-നീതി സംവിധാനങ്ങളാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നേരത്തെതന്നെ പൊതുമുതൽ നശീകരണത്തിനെതിരെ ശക്തമായ നിയമം പ്രാബല്യത്തിലുണ്ട്. തെരുവിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കാറുണ്ടെങ്കിലും ആരെങ്കിലും ശിക്ഷിക്കപ്പെട്ടതായി കേൾക്കാറില്ല. വ്യക്തികളും സ്ഥാപനങ്ങളും തങ്ങൾക്ക് സംഭവിച്ച നഷ്ടം സ്വയം സഹിക്കേണ്ടിവരികയാണ്. നിർബന്ധബുദ്ധിയോടെ പൊലീസ് എടുക്കുന്ന ചില കേസുകളിൽ മാത്രമേ നാശനഷ്ടവുമായി ബന്ധപ്പെട്ട നിയമം പ്രയോഗക്ഷമമാകാറുള്ളൂ. സുപ്രീംകോടതിയുടെ പുതിയ വിധി ഇത്തരം സ്ഥിതിവിശേഷത്തിന് ഗുണപരമായ മാറ്റം വരുത്താൻ പര്യാപ്തമാകുമെങ്കിൽ നല്ല കാര്യം. തെരുവുകലാപം അഴിച്ചുവിടുന്നവരും അതിൽ പങ്കാളികളാകുന്നവരും ഉറപ്പായും ശിക്ഷ നേരിടേണ്ടിവരുമെന്ന സ്ഥിതി ഉണ്ടായാൽ പൊതു-സ്വകാര്യ മുതൽ സംരക്ഷണം നല്ലതോതിൽ നിലനിറുത്താനാകും. നിയമം വന്നതുകൊണ്ടുമാത്രം തെരുവ് അക്രമങ്ങൾ കുറയണമെന്നില്ല. മനഃപൂർവം സ്വത്തുവകകൾ നശിപ്പിക്കുന്നവരെ നിയമം പിടികൂടുകതന്നെചെയ്യുമെന്ന് ഉറപ്പാക്കിയാലേ നിയമത്തിന്റെ മൂല്യവും പ്രസക്തിയും വർദ്ധിക്കൂ. അണികളെ തെരുവിലേക്ക് ആട്ടിത്തെളിച്ചെത്തുന്ന നേതാക്കൾ കൂടുതൽ കരുതലോടും പക്വതയോടുംകൂടി അവരെ നിയന്ത്രിക്കാൻ ബാദ്ധ്യസ്ഥരാകും. അവരെ അതിന് നിർബന്ധിക്കുന്നതാണ് പരമോന്നത കോടതിയുടെ ഇത് സംബന്ധിച്ച് മാർഗരേഖ.