'ശുചിത്വ ഇന്ത്യ" എന്ന ലക്ഷ്യം 2019 ഓടെ കൈവരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാല് വർഷങ്ങൾക്ക് മുമ്പ് സ്വച്ഛ് ഭാരത് മിഷന് തുടക്കം കുറിച്ചു. ശുചിത്വത്തെ ദേശീയ മുൻഗണനയാക്കാൻ യത്നിച്ച മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികദിനമായ 2019 ഒക്ടോബർ രണ്ട് ഇതിന് ഏറ്റവും ഉചിതവുമാണ്.നാലുവർഷം കൊണ്ട് കുടുംബങ്ങൾക്കായി 86 ദശലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ചും ഏകദേശം അരലക്ഷത്തോളം ഗ്രാമങ്ങളെ (47000) വെളിയിടവിസർജ്ജ മുക്തമാക്കിയും ഇന്ത്യ വമ്പിച്ച പുരോഗതി കൈവരിച്ചിട്ടുമുണ്ട്. സിംഗപ്പൂരും ഈ വഴിയിൽ പ്രയാണം ചെയ്തതാണ്. സ്വാതന്ത്ര്യലബ്ധി മുതൽ തന്നെ ജനങ്ങൾക്ക് ശുചിത്വവും ഹരിതജീവിത പരിസ്ഥിതിയും സൃഷ്ടിക്കുന്നതിനായി ഞങ്ങൾ അതികഠിനമായി പ്രയത്നിച്ചിട്ടുണ്ട്.
ആദ്യകാലങ്ങളിൽ നിരവധി വീടുകളിൽ മലിനജലചാലുകൾ ഉണ്ടായിരുന്നില്ല. മനുഷ്യവിസർജ്ജ്യം തൊട്ടികളിൽ ശേഖരിച്ച് ദുർഗന്ധം വമിക്കുന്ന ട്രക്കുകളിലാണ് സ്വിവറേജ് പ്ലാന്റുകളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്. സാധാരണയായി മനുഷ്യവിസർജ്ജം അടുത്തുള്ള നദികളിലും മറ്റ് ജലാശയങ്ങളിലും നിക്ഷേപിച്ച് വെള്ളം മലീമസവും വിഷമയവും ആക്കുമായിരുന്നു. ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങൾ നിരന്തരം ജലജന്യരോഗങ്ങൾ ഉൾപ്പെടെ നിരവധി പൊതുജനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഞങ്ങളുടെ പൂർവപിതാമഹൻമാർ 'സിംഗപ്പൂരിനെ ശുചിയായി സൂക്ഷിക്കുക" എന്നൊരു ദേശീയ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. എല്ലാ വീടുകളിലും അഴുക്കുചാലുകൾ സൃഷ്ടിച്ചു. എല്ലാ നദികളും വൃത്തിയാക്കി. ഞങ്ങൾ സിംഗപ്പൂർ നദി ശുചീകരിച്ചു. നിരവധി കൈയേറ്റങ്ങളും വീടിന്റെ പിറകുവശത്തെ വ്യവസായങ്ങളും പന്നിഫാമുകളും നദികളുടെ വൃഷ്ടിപ്രദേശങ്ങളെ മലീമസമാക്കുന്ന സ്രോതസുകളും ഒഴിപ്പിക്കേണ്ടതായി വന്നു. ഇന്ന് വളരെ ശുചിയായ സിംഗപ്പൂർ നദി നഗരത്തിലൂടെ ഒഴുകി നഗരത്തിലെ ജലവിതരണം നടത്തുന്ന മറീന റിസർവോയറിൽ എത്തുന്നു. ഗംഗാനദി സിംഗപ്പൂർ നദിയെക്കാൾ ആയിരം മടങ്ങ് നീളമുള്ളതാണ്.
ഇന്ത്യയുടെയും സിംഗപ്പൂരിന്റെയും ശുചിത്വ യാത്രയ്ക്ക് ചില സമാനതകളുമുണ്ട്. ഞങ്ങളുടെ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യൂവും പ്രധാനമന്ത്രി മോദിയും രാജ്യത്തെ വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുന്നതിന് മുൻഗണന നൽകി. അവർ വ്യക്തിപരമായി തന്നെ ബഹുജനപ്രചാരണം നടത്തി. രണ്ടുപേരും ചൂലെടുത്ത് പൊതുജനങ്ങളോടൊപ്പം തെരുവുകൾ ശുചിയാക്കാനിറങ്ങി. '' രാജ്യത്തിന്റെ പരിവർത്തനം , നാം എങ്ങനെയാണോ അതിലുള്ള മാറ്റത്തിൽ നിന്നാണ് ആരംഭിക്കുന്നത് "" എന്ന ലീയുടെ ആദർശത്തിൽ നിന്നാണ് താൻ ആശയം രൂപീകരിച്ചതെന്ന് പ്രധാനമന്ത്രി മോദി സൂചിപ്പിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷൻ ''നാം ചിന്തിക്കുന്ന, ജീവിക്കുന്ന പ്രവർത്തിക്കുന്ന രീതിയിലെ പരിവർത്തന""മെന്ന ആഴത്തിലുള്ള പരിഷ്കരണമാണ്. സ്വിവറേജ് ഡ്രെയിനേജ് ശൃംഖലകളെ തമ്മിൽ വേർതിരിക്കുന്ന ഒരു സ്വിവറേജ് മാസ്റ്റർപ്ലാൻ സിംഗപ്പൂർ നടപ്പാക്കി. മഴവെള്ളം മലീമസമാകുന്നത് തടഞ്ഞുകൊണ്ട് അവ സംഭരിച്ച് ഉപയോഗിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഒപ്പം സിംഗപ്പൂർ സ്വിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള ജലം പുനർചാക്രീകരണം നടത്തുന്നുണ്ട്. വളരെയധികം ശുചിത്വമുള്ള ഉയർന്ന നിലവാരത്തിലുള്ള പുതിയ വെള്ളം ഉണ്ടാക്കാനായി പ്രതി വ്യതിവ്യാപനത്തിലൂടെ (റിവേഴ്സ് ഓസ്മോസിസ്സ്) ശുദ്ധീകരിക്കുന്നു. ഉപയോഗിച്ച ജലം എന്തുചെയ്യുമെന്ന പ്രശ്നത്തെ, ജലദൗർലഭ്യം എന്ന മറ്റൊരു പ്രശ്നത്തിന് പരിഹാരമാക്കി.
ഇന്ത്യയിൽ പ്രധാനപ്പെട്ട പങ്കാളികളായ വ്യവസായ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, എന്നിവയുടെ സഹായത്തോടെ ദേശവ്യാപകമായി സ്വച്ഛ് ഭാരത് മിഷൻ നടപ്പാക്കാനുള്ള ശ്രമം ഗുണപരമാണ്. '' 2018 യൂണിസെഫ് കുടിവെള്ള ശുചിത്വ ആരോഗ്യസംരക്ഷണം സ്കൂളുകളിൽ, ആഗോള അടിസ്ഥാന റിപ്പോർട്ട് 2006ലെ 50ശതമാനം എന്നതിൽ നിന്ന് , ഇന്ത്യയിലെ മിക്കവാറും എല്ലാ സ്കൂളുകളിലും ശുചിത്വ സൗകര്യങ്ങളുണ്ടെന്ന് എടുത്തുപറയുന്നുണ്ട്. മൂന്നാമതായി, ഇന്ത്യയും സിംഗപ്പൂരും അന്താരാഷ്ട്ര സഹകരണത്തെ വിലമതിക്കുന്നു. ഒരേ പരിഹാരം വ്യത്യസ്ത രാജ്യങ്ങളിൽ ഫലപ്രദമായില്ലെന്ന് വരാം, എന്നാൽ മറ്റുള്ളവർ പങ്കുവയ്ക്കുന്ന അനുഭവങ്ങൾ പഠിക്കുന്നത് നമുക്കെല്ലാം ഗുണമുണ്ടാക്കും. തങ്ങളുടെ ശുചിത്വകഥകൾ പങ്കുവയ്ക്കുന്നതിന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ, പ്രയോക്താക്കൾ, വിദഗ്ദ്ധർ എന്നിവരെ ഒന്നിച്ചുകൊണ്ടുവന്ന പ്രഥമ മഹാത്മാഗാന്ധി അന്താരാഷ്ട്ര ശുചിത്വ കൺവെൻഷൻ വളരെ വിജയകരമായി സംഘടിപ്പിച്ചതിന് ഞാൻ ഇന്ത്യയെ അഭിനന്ദിക്കുന്നു. ദ്വൈവാർഷിക ലോകനഗര ഉച്ചകോടിയും, സിംഗപ്പൂർ അന്താരാഷ്ട്ര ജലവാരവും പോലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾ സിംഗപ്പൂരും സംഘടിപ്പിക്കുന്നുണ്ട്. ആഗോള ശുചിത്വ വെല്ലുവിളികളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി 2013ൽ ഐക്യരാഷ്ട്രസഭ 'എല്ലാവർക്കും ശുചിത്വം' എന്ന സിംഗപ്പൂരിന്റെ പ്രമേയം അംഗീകരിക്കുകയും നവംബർ 19 ലോക ശൗചാലയ ദിനമായി ആചരിക്കുകയും ചെയ്യുന്നു.
ഇന്ത്യ രാജ്യത്തങ്ങോളമിങ്ങോളം വാസയോഗ്യമായതും സുസ്ഥിരവുമായ സ്മാർട്ട്സിറ്റികൾ വികസിപ്പിക്കുന്ന വേളയിൽ തങ്ങളുടെ പരിചയസമ്പന്നത ഇന്ത്യയുമായി പങ്കുവയ്ക്കാൻ സിംഗപ്പൂരിന് അതിയായ സന്തോഷമുണ്ട്. നഗരാസൂത്രണം, ജലമാലിന്യ പരിപാലനം എന്നിവയിൽ നഗരാസൂത്രണത്തിന് നൂറ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനായി സിംഗപ്പൂർ ഇന്ത്യയുടെ നഗര ഗ്രാമ ആസൂത്രണ സംഘടനകളുമായി സഹകരിക്കുന്നുണ്ട്. നഗരാസൂത്രണത്തിന് വേണ്ട പരിഹാരങ്ങൾ നൽകാനായി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുമായി സഹകരിക്കാൻ സിംഗപ്പൂർ ഉറ്റുനോക്കുകയാണ്. സ്വച്ഛ് ഭാരത് മിഷനും പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. നമ്മുടെ ഭാവി തലമുറയ്ക്ക് ശുദ്ധമായ വെള്ളത്തിനും ശുചിത്വത്തിനുമായുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി ഞാൻ ഉറ്റുനോക്കുകയാണ്.