ഭാരതത്തിലെ പരമോന്നതനീതിപീഠവും മറ്റു ന്യായാസനങ്ങളുമാണ് നമ്മുടെ രാജ്യത്തെ സകല ചരാചരങ്ങളുടെയും കാവലാൾ. ആ വിശ്വാസമാണ് ഇന്ത്യയിലെ ജനകോടികളുടെ സുരക്ഷിതമായ ജീവിതത്തിന് ആധാരം. മറ്റ് എല്ലാ സംവിധാനങ്ങളിലും പലപ്പോഴും ദുഷ്പ്രവണതകൾ കടന്നുകയറിയപ്പോൾ പൊതുസമൂഹത്തിന് ഏക ആശ്വാസം നീതിപീഠം ആയിരുന്നു. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയാണ്. അതാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അകംപൊരുൾ. എത്രയെത്ര നിർണായക വിധിന്യായങ്ങൾ. എത്രയോ തവണ അധർമ്മത്തിനെതിയുള്ള സിംഹഗർജ്ജനങ്ങൾ. ആ പരമോന്നതനീതിപീഠത്തിന്റെ ഏത് വിധിപ്രസ്താവവും ഭാരതത്തിലെ ജനങ്ങൾ ശിരസാവഹിച്ചു. അതാണ് നമ്മുടെ നീതിബോധം. അതാവണം നമ്മുടെ ഓരോരുത്തരുടെയും ഭരണഘടനയോടുള്ള പ്രതിബദ്ധത. ആ നിലയിൽ തന്നെ യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത വിധം ഞങ്ങൾ ഉറച്ചു പറയുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഞങ്ങൾ ശിരസാവഹിക്കുന്നു.
ഈ വിഷയം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിലെ ഒരംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടതുപോലെയുള്ള ചില ആശങ്കകൾ ഇവിടെ ഞങ്ങളും പങ്കുവയ്ക്കുന്നു. പൊതുമണ്ഡലം ഏറെ ചർച്ച ചെയ്യുന്നതും ആചാരാനുഷ്ഠാനങ്ങളുടെ നിയന്ത്രണത്തിലുള്ളതും വൈകാരികമായി നിരവധി മാനങ്ങളുമുള്ള ഒരു സംഗതി ഉരുത്തിരിയുമ്പോൾ ആദ്ധ്യാത്മിക ചിന്തകൾക്ക് ഏറെ സ്വാധീനമുള്ള ഒരു സാമൂഹ്യ സംഘടന എന്ന നിലയിൽ അതിന്റെ വൈവിദ്ധ്യങ്ങളെ വിലയിരുത്തി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്.
ഒരു പരിഷ്കൃത സമൂഹത്തിന് ആവശ്യമുള്ളതും ലിംഗവിവേചനത്തെ ശക്തമായി എതിർക്കുന്നതുമായ ഈ വിധിയെ ഒരിക്കലും യാഥാസ്ഥിതിക മാനോഭാവത്തോടുകൂടി കാണുകയല്ല. പകരം ബഹുമാനപ്പെട്ട നീതിപീഠം ഈ വിഷയത്തിൽ ചില കാര്യങ്ങൾ പരിഗണിച്ചിട്ടില്ല എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് തയ്യാറാക്കിയത് തന്നെ. ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നും പലതുകൊണ്ടും വിഭിന്നമാണ് ഭാരതം എന്ന നമ്മുടെ നാട്. ലോകത്തിന്റെ ആത്മീയ തലസ്ഥാനം എന്ന് പറയുന്നതുതന്നെ ഭാരതമാണ്. ഋഷി പരമ്പരകളാൽ സൃഷ്ടിക്കപ്പെട്ട ആർഷഭാരതത്തിന്റെ സംസ്കാരം ലോകത്തിനുമുന്നിൽ വെളിച്ചമായി ഇന്നും പ്രോജ്ജ്വലിക്കുന്നു. അവിടെത്തുടങ്ങിയതാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ. നിയമവും നീതിപീഠവും നീതിപാലകരും എല്ലാംതന്നെ രൂപം കൊള്ളുന്നതിന് മുമ്പുള്ള മനുഷ്യരുടെ അതിർവരമ്പുകൾ ഈ ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അന്നും മനുഷ്യനു വേണ്ടി മാത്രമായിരുന്നില്ല, മറിച്ച് പ്രപഞ്ചത്തിലെ ഓരോന്നിനും വേണ്ടിയുളളതായിരുന്നു ഈ ആചാരാനുഷ്ഠാനങ്ങൾ. അതിന്റെ ഫലമാണ് ഇന്നുകാണുന്ന കാടും, കടലും, മണ്ണും മലയും, നദിയും, പുഴയും എല്ലാം തന്നെ. എന്നാൽ ഭരണഘടന നിലവിൽവന്നതിനു ശേഷം ഇതിനെല്ലാം എന്തൊക്കെ സംഭവിച്ചു എന്നുള്ളത് സമകാലീനമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിവിടെ പറയാനുള്ള കാരണം മനുഷ്യരിൽ മൂല്യബോധവും, സംസ്കാരവും അച്ചടക്കവും രൂപപ്പെടുത്തുന്നതടക്കമുള്ള ക്രമീകരണമാണ് ആചാരാനുഷ്ഠാനങ്ങളിൽ ഉണ്ടായിരുന്നത്. അതുപോലെതന്നെ പലതരത്തിലുള്ള അധിനിവേശത്തിനെതിരെയും നിലകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥ നിലനിന്നു പോന്നത്. നിയമങ്ങൾ രൂപപ്പെട്ടതിനുശേഷമാണ് അധിനിവേശം ഉണ്ടായതും നിയമലംഘനങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിച്ചതും. ആചാരാനുഷ്ഠാനങ്ങളിലൂടെയുള്ള ആ മൂല്യബോധമാണ് എല്ലാസംസ്കാരങ്ങളെയും ഉൾക്കൊള്ളുവാനുളള നമ്മുടെ മാനവികചിന്ത ബഹുസ്വരത അഥവാ നാനാത്വത്തിൽ ഏകത്വം. ആ ബഹുസ്വരതതന്നെയാണ് വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠിക്കാൻ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർക്കുള്ള സ്വാതന്ത്യവും. ആ വിശ്വാസങ്ങളിലും ആചാരങ്ങളിലും അപരിഷ്കൃതമായവ പലതും നാം നിയമം മൂലം നിരോധിച്ചു. അതിനെ സാംസ്കാരിക തനിമയോടെ സ്വാഗതം ചെയ്തു. ഇനിയും ആ നടപടി തുടരുകയും പൊതുസമൂഹം അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളും അവരുടെ തനിമ നിലനിറുത്തിക്കൊണ്ടു തന്നെയാണ് ഇവിടെ ജീവിക്കുന്നത്. അതിലൊന്നും പരസ്പരവൈര്യം ഇല്ലെന്നിരിക്കേ ശബരിമലയിലെ നിയന്ത്രണങ്ങൾ നിർദോഷമായിരുന്നു. അതിനെ ഒരു സാംസ്കാരിത്തനിമയായി മാത്രം അംഗീകരിച്ചാൽ തീരുന്ന പ്രശ്നമായിരുന്നു. ഭരണഘടനയുടെ കണ്ണിലൂടെ മാത്രം പരിശോധിക്കേണ്ടതല്ലായിരുന്നു ഈ വിഷയം. വൈകാരികമായി ഒട്ടേറെ മാനങ്ങൾ കൈവരുന്നതും മഹാഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളുടെ ആചാരാനുഷ്ഠനങ്ങളുടെ പിൻബലമുള്ളതുമായ ഈ വിഷയം ഭരണാഘടനാബെഞ്ച് തലനാരിഴ കീറി പരിശോധിക്കുമ്പോൾ അവിടെ ചില വസ്തുതകൾ കൂടി കണക്കിലെടുക്കേണ്ടതായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യം ഒപ്പുവയ്ക്കേണ്ടത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാജഡ്ജിയായ ഇന്ദു മൽഹോത്രയായിരുന്നു. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുക്തിക്ക് സ്ഥാനമില്ല. മതവികാരങ്ങൾ സ്വാധീനിക്കുന്ന വിഷയത്തിൽ കോടതി ഇടപെടാതിരിക്കുന്നതാണ് അഭികാമ്യം എന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയോടൊപ്പമായിരിക്കും ബഹുഭൂരിഭാഗം വിശ്വാസികളും എന്നത് കൂടി കണക്കിലെടുക്കാമായിരുന്നു. എല്ലാ അയ്യപ്പക്ഷേത്രത്തിലും ഈ നിയന്ത്രണം ഇല്ലല്ലോ?. ശബരിമലയെപ്പോലെ നിരവധി പ്രത്യേകതകൾ ഉള്ള മറ്റൊരു ദേവാലയം രാജ്യത്ത് ഇല്ല എന്നുള്ളതു പരിഗണിക്കാമായിരുന്നു. അവിടെ പണക്കാരനായാലും പാവപ്പെട്ടവനായാലും പണ്ഡിതനായാലും പാമരനായാലും വിശ്വാസിയായാലും യുക്തിവാദിയായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയും മുസ്ലിമായാലും അവരെല്ലാം സ്വാമിമാരാണ്. ഈ ഒരുമ ലോകത്തൊരിടത്തും കാണില്ല. ജാതിമത വ്യാത്യാസമില്ലാതെ ആർക്കും പ്രവേശിക്കാവുന്ന ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് പ്രായപരിധിയിൽ ചില നിയന്ത്രണങ്ങൾ മാത്രമാണ് നിഷ്കർഷിച്ചിട്ടുള്ളത്. അല്ലാതെ അവിടെ ഈ പറയുന്ന ലിംഗ വിവേചനം സംഭവിക്കുന്നില്ല. നിയമം തന്നെ പലകാര്യങ്ങളിലും സ്ത്രീക്കും പുരുഷനും പ്രായപരിധി നിശ്ചയിച്ചിട്ടില്ലേ?. ക്ഷേത്രത്തിൽ വരുന്നവർ വിശ്വാസികൾ ആവണ്ടേ? ആ നിലയിലാണോ ഹർജിക്കാരുടെ വാദമെന്നതും പ്രസക്തമാണ്. കാരണം ഇതൊരു വിനോദ സഞ്ചാര കേന്ദ്രമല്ല. പിന്നെ മറ്റൊരു പ്രധാന സംഗതി ഈ കോടതി വിധി വിവിധ വിഭാഗങ്ങളുടെ ഇടയിൽ ചേരിതിരിവിനുള്ള സാദ്ധ്യതയുണ്ടോ എന്നുള്ളതും പരിഗണിക്കാമായിരുന്നു. മറ്റേതെങ്കിലും വിശ്വാസ സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള ലിംഗവിവേചനം ഉണ്ടോ എന്നുള്ളതിനെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ അതും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിധിയായിരുന്നുവെങ്കിൽ വിവിധ വിഭാഗങ്ങളുടെ ഇടയിലുള്ള ചേരിതിരിവ് ഇല്ലാതാക്കാമായിരുന്നു. അതിന് പ്രത്യേക ഹർജി എന്നുള്ള സാങ്കേതികതയെക്കാൾ പ്രധാനം ജനങ്ങൾ തമ്മിലുള്ള സ്വരുമയ്ക്കായിരുന്നു. ഒപ്പം തന്നെ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുക എന്നുള്ള വലിയ വെല്ലുവിളിയും നമ്മുടെ മുന്നിലുണ്ട്.
ഇനിയെന്തൊക്കെയായാലും മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെയും സന്തോഷിപ്പിക്കുന്നതല്ല ഈ വിധി. ശബരിമലയിലെ എല്ലാ നിയന്ത്രണങ്ങളും ആ ക്ഷേത്രാന്തരീക്ഷത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്നതുമാണ്. അതോടൊപ്പം താരതമ്യേന നിർദോഷങ്ങളുമാണ്. ആർത്തവകാലത്തിൽ ഒരു സ്ത്രീയും ഒരു ക്ഷേത്രത്തിലും ദർശനം നടത്താറില്ല. അതൊരു നിയമവ്യവസ്ഥയല്ല, ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസമുള്ള ഒരു സ്ത്രീയും അതിനെ ഇന്നോളം ചോദ്യം ചെയ്തിട്ടുമില്ല. കോടതികൾ പറഞ്ഞാൽപ്പോലും അത്തരം ആചാരങ്ങൾ തെറ്റിക്കാൻ വിശ്വാസിയായ ഒരു ഭക്തയും തയ്യാറാവില്ല. ഇവിടെ സംഭവിക്കാൻ പോകുന്നതും അതുതന്നെ. വിശ്വാസികളായ യുവതികൾ ആരും തന്നെ ആചാരത്തിലധിഷ്ഠിതമായ നിയന്ത്രണം മറികടന്ന് ശബരിമലയിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതാണ് ജനഹിതം, അതായിരുന്നു പരിഗണിക്കപ്പെടേണ്ടതും.. പിന്നെ ഈ വിധിയുടെ പശ്ചാത്തലത്തിൽ പോകുന്നത് ന്യൂനപക്ഷമായ അവിശ്വാസികൾ മാത്രമായിരിക്കും. അതൊരിക്കലും ജനഹിതമല്ല, ആചാരവുമല്ല. കേവലം പത്രവാർത്തയ്ക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റം മാത്രം.