ന്യൂഡൽഹി:സുപ്രീംകോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു കൊണ്ട് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇന്നലെ 46ാമത് ചീഫ്ജസ്റ്റിസായി ചുമതലയേറ്റു. രാവിലെ രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2019 നവംബർ 17 വരെ കാലാവധിയുണ്ട്.കേസുകൾ അടിയന്തരമായി പരിഗണിക്കുന്നതിന് മെൻഷൻ ചെയ്യുന്നതും അഭിഭാഷകരുടെ സൗകര്യാർത്ഥം അൽപ്പനേരം കേസുകൾ മാറ്റി വയ്ക്കുന്നതും അവസാനിപ്പിക്കന്നതായി അദ്ദേഹം ഉത്തരവിടുകയും ചെയ്‌തു
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ വ്യക്തിയാണ്.അസം മുൻമുഖ്യമന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ പുത്രനാണ്.1954 നവംബർ 18ന് അസമിൽ ജനനം. 1978ൽ അഭിഭാഷകനായി തുടക്കം.കുറിച്ചു. 2001ൽ ഗോഹട്ടി ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി. 2012ൽ സുപ്രീംകോടതി ജഡ്ജിയായി. സ്ഥാനമൊഴിഞ്ഞ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിലൊരാളാണ് ഗോഗോയി.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻസിംഗ്, എച്ച്.ഡി ദേവഗൗഡ, ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിഞ്ഞ ദീപക് മിശ്ര, മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി തുടങ്ങിയവർ പങ്കെടുത്തു.
' നോ മെൻഷൻ പ്ലീസ് !'
ന്യൂഡൽഹി:സുപ്രീംകോടതിയിൽ കേസുകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ്ജസ്റ്റിസ് മുൻപാകെ അഭിഭാഷകർ മെൻഷൻ ചെയ്യുന്ന രീതിയാണ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇന്നലെ അവസാനിപ്പിച്ചത്. വധശിക്ഷ നടപ്പാക്കുന്നതും വീട്ടിൽനിന്ന് ഒഴിപ്പിക്കുന്നതും പോലെയുള്ള കേസുകൾ മാത്രമേ അടിയന്തരമായി മെൻഷൻ ചെയ്യാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകരുടെ സൗകര്യത്തിനായി കേസുകൾ പരിഗണിക്കുന്നത് അൽപ്പ സമയത്തേക്ക് മാറ്റിവയ്ക്കുന്നതും ( പാസ്ഓവർ ) അനുവദിക്കില്ല. കേസുകൾ ലിസ്റ്റ് ചെയ്ത ക്രമത്തിൽ തന്നെ പരിഗണിക്കും. ആ ദിവസം ക്രമം മാറ്റാനാകില്ല. ഇതുസംബന്ധിച്ച് വിശദമായ നടപടിക്രമങ്ങൾ പുറത്തിറക്കും. അനാവശ്യ പൊതുതാപര്യഹർജികളും പ്രോത്സാഹിപ്പിക്കില്ല.
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കൊപ്പം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ഇനി മുതൽ ഒന്നാം നമ്പർ കോടതിയിലുണ്ടാകുക. പൊതുതാത്പര്യ ഹർജികൾ ചീഫ്ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് മദൻ ബി ലോകൂറും കേൾക്കും. ദീപക് മിശ്രയുടെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 11ാം നമ്പർ കോടതിയിലും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ ജസ്റ്റിസ് കുര്യൻ ജോസഫിനോടൊപ്പം മൂന്നാം നമ്പർ കോടതിയിലുമാണ് ഹർജികൾ കേൾക്കുക. അതിനിടെ ആശംസ അറിയിക്കാൻ ശ്രമിച്ച അഭിഭാഷകൻ മാത്യു നെടുമ്പാറയോട് അതിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് ഗോഗോയി പറഞ്ഞു.