തിരുവനന്തപുരം: ആരാധക ഹൃദയത്തിൽ നോവിന്റെ ഒരായിരം ശ്രുതി പകർന്ന് വയലിൻ മാന്ത്രികൻ മടങ്ങി.വസതിയായ തിരുമല 'ഹിരൺമയ'യിലെ അന്ത്യകർമ്മങ്ങൾക്കുശേഷം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും പ്രിയപ്പെട്ട വയലിൻ സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ ശരീരത്തോടു ചേർത്തുവച്ചു. ഉറ്റവരും സുഹൃത്തുക്കളും ആരാധകരും സംഗീത ലോകത്തു നിന്നുള്ളവരുമായി നൂറുകണക്കിനാളുകൾ പങ്കുചേർന്നു.വികാരം അണപൊട്ടിയ അന്തരീക്ഷത്തിൽ സുഹൃത്തുക്കൾ പരസ്പരം കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി. രാവിലെ 10.45ന് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹം അന്ത്യകർമ്മങ്ങൾക്കുശേഷം 11.15ന് അഗ്നിയോട് ചേർന്നു.
സംസ്കാരച്ചടങ്ങുകൾക്കു ശേഷം സുഹൃത്തുക്കളും ആരാധകരും സഹപ്രവർത്തകരും സംഗീതലോകത്തെ പ്രതിഭകളും വയലിൻ മാന്ത്രികനെ അനുസ്മരിക്കാനായി ബാലുവിന്റെ സംഗീതജീവിതത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ കലാലയത്തിലേക്ക്..
അവനെപ്പോലൊരു കോമ്പോ എനിക്ക് ഇനി കിട്ടില്ല: സ്റ്റീഫൻ ദേവസ്സി
'ബാലുവിനെപ്പോലൊരു കോമ്പോയെ എനിക്കിനി കിട്ടില്ലെന്നുറപ്പാണ്. ആ വിഷമം പറഞ്ഞറിയിക്കാനാകില്ല. ബാലുവില്ലാത്ത വേദിയെപ്പറ്റി ആലോചിക്കാനാവില്ല. ഞങ്ങൾ മത്സരിക്കുകയായിരുന്നു ഓരോ വേദിയിലും. ഇനി സ്റ്റേജിൽ ആ സ്പേസ് ശൂന്യമായിരിക്കും.'ബാലഭാസ്കറിനൊപ്പം നൂറിലധികം വേദികൾ പങ്കിട്ടിട്ടുള്ള ആത്മസുഹൃത്തും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസ്സിയുടെ വാക്കുകൾ. ബാലുവിന്റെ സംഗീതം നൂറുനൂറാണ്ടുകൾ ഇനിയും ജീവിക്കുമെന്നും അതിന് അത്രയധികം ആസ്വാദനക്ഷമതയുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു. ബാലുവിന്റെ സംഗീതം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും അത് ഇനിയും ജനഹൃദയത്തിലുണ്ടാകുമെന്നും ബാലഭാസ്കറിന്റെ ബാൻഡ് അംഗങ്ങളെ വേദിയിലേക്ക് വിളിച്ച് ചേർത്തുനിറുത്തി സ്റ്റീഫൻ പറഞ്ഞത് സദസ് ഒന്നായി ഏറ്റെടുത്തു.
ബാലഭാസ്കറിനെ ആശുപത്രിയിൽ ചെന്നുകണ്ട് സംസാരിച്ച അനുഭവം സ്റ്റീഫൻ പങ്കുവച്ചത് കേൾവിക്കാരെ കരയിച്ചു. ആരാണെന്ന് പാതിമയക്കത്തിൽ ബാലു ചോദിച്ചു. സ്റ്റീഫൻ ആണെന്നു മറുപടി പറഞ്ഞു. പ്രോഗ്രാമിനു പോകേണ്ടേ എന്നു ചോദിച്ചപ്പോൾ പോകണം എന്ന തലയാട്ടൽ. 'ബാലു ഇപ്പോ റെസ്റ്റ് ചെയ്തോ, ഈ മാസം വേണ്ട, നവംബർ മൂന്നിന് നമ്മൾ ഏറ്റ പ്രോഗ്രാമിന് ഒരുമിച്ച് സ്റ്റേജിൽ കയറണം.' അതുകേട്ട് ബാലു ചെറുതായി ചിരിച്ചു. 'ചിരിക്കാൻ മടിക്കേണ്ട, ചിരിച്ചോ, ബാലു തിരിച്ചുവരാൻ പോകുകയാണ്' ഇതു പറഞ്ഞ് ഉമ്മകൊടുക്കുമ്പോൾ ബാലു തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഐ.സി.യുവിൽ നിന്ന് ഇറങ്ങുമ്പോൾ 'സ്റ്റീഫൻ ഇടയ്ക്ക് വരണം. വരാൻ പറ്റിയില്ലെങ്കിൽ വോയ്സ് മെസേജ് എങ്കിലും അയയ്ക്കണം' എന്ന് ഡോക്ടർ പറഞ്ഞു. എല്ലാ ദിവസവും വോയ്സ് മെസേജ് അയയ്ക്കാമെന്ന് ഉറപ്പുകൊടുത്തു. ആ ദിവസം അവിടെ നിന്ന് ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഡോക്ടർമാരും പ്രതീക്ഷ പ്രകടിപ്പിച്ചു. പക്ഷേ പിറ്റേന്ന് രാത്രി... വാക്കുകൾ മുഴുമിക്കാനാകാതെ തൊണ്ടയിടറിയ സ്റ്റീഫൻ വേദിയിലെ കസേരയിലേക്ക്.
ആ വയലിൻ എന്നും എന്റെ പൂജാമുറിയിലുണ്ടാകും: റോജോ
ബാലഭാസ്കർ സമ്മാനിച്ച വയലിൻ സ്ട്രിംഗിനെക്കുറിച്ചാണ് വയലിനിസ്റ്റും ബാലഭാസ്കറിനൊപ്പം നിരവധി വേദികൾ പങ്കിടുകയും ചെയ്തിട്ടുള്ള റോജോയ്ക്ക് പറയാനുണ്ടായിരുന്നത്. ഒരിക്കൽ റോജോയുടെ പൊട്ടിപ്പോയ വയലിൻ സ്ട്രിംഗിന് പകരം സമാനമായത് കിട്ടാൻ പ്രയാസമായപ്പോൾ ബാലഭാസ്കറിനോട് കാര്യം പറഞ്ഞു. 'സ്ട്രീംഗ് കൈയിലില്ല, എങ്കിലും നോക്കട്ടെ' എന്ന് ആദ്യം മറുപടി. പിന്നീട് നിശാഗന്ധിയിലെ പ്രോഗ്രാം സ്ഥലത്തേക്ക് വരാൻ പറഞ്ഞു. എത്തിയപ്പോൾ റോജോയെയും വിളിച്ച് കാറിനടുത്തേക്ക് പോയി ബാലഭാസ്കർ തന്റെ ഗ്ലാസ് വയലിനിലെ സ്ട്രിംഗ് പൊട്ടിച്ചെടുത്ത് നൽകി. ആദ്യം അമ്പരന്നെങ്കിലും ആ മനുഷ്യന്റെ ആത്മാർത്ഥതയെയും സുഹൃത്തുക്കളോടുള്ള പരിഗണനയും അറിയാനായി. ആ സ്ട്രിംഗ് ഇട്ട വയലിൻ വീട്ടിൽ പൂജാമുറിയിലാണ് താൻ സൂക്ഷിക്കുന്നതെന്ന് റോജോ. തനിക്ക് ജീവിതത്തിൽ കിട്ടിയ വലിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ബിഗ് ബാൻഡിന് നാഥനില്ലാതായി: പാച്ചു
'ഞങ്ങളുടെ ബാൻഡിന് നാഥനില്ലാതായി. ബാലുവണ്ണനായിരുന്നു ഞങ്ങളുടെ എല്ലാം. ഞങ്ങൾ സ്റ്റേജിൽ നിന്ന് പെർഫോം ചെയ്യുന്ന സമയമായിരുന്നു ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്നത്'- ബാലഭാസ്കറിന്റെ ബിഗ് ബാൻഡ് അംഗമായ പാച്ചു (പ്രശാന്ത്) പറയുന്നു. ബാൻഡിൽ ഞങ്ങൾ ആറു പേരും ഒറ്റക്കെട്ടായിരുന്നു. അതായിരുന്നു അതിന്റെ വിജയവും. ബാലുച്ചേട്ടനു വേണ്ടി ആ ബാൻഡും സംഗീതവും ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ബാലുച്ചേട്ടൻ അതായിരിക്കും ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.-പ്രത്യാശയോടെയുള്ള പാച്ചുവിന്റെ വാക്കുകൾ. ബാൻഡിലെ മറ്റൊരംഗവും സംഗീത സംവിധായകനുമായ ഷാനിനും ബാലുവിന്റെ സംഗീതം നിലനിറുത്തുമെന്ന ആഗ്രഹമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്.
കൂട്ടുകാർ യൂണിവേഴ്സിറ്റി കോളേജിൽ ഒത്തുകൂടി
ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ അസ്തമിച്ച സ്വന്തം സൂര്യനെ ഓർമ്മിക്കാൻ അവർ ഒരിക്കൽക്കൂടി അതേ കലാലയമുറ്റത്ത് ഒത്തുകൂടി. ബാലഭാസ്കർ ചിരിച്ചുകളിച്ച് നിറഞ്ഞുനിന്ന, ആ കലാപ്രകടനങ്ങൾക്ക് ആദ്യസാക്ഷിയായ യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തിൽ ഇത്തവണ കൂട്ടുകാർ എത്തിയപ്പോൾ അവിടെ ബാക്കിയായത് കനത്ത നിശബ്ദത. ഈ മൗനത്തിൽ നിന്നുകൊണ്ട് അവർ ഓരോരുത്തരും ബാലുവിനെ ഓർത്തെടുത്തു. എല്ലാവർക്കും പറയാനുള്ളത് തുറന്നു ചിരിക്കുന്ന, മാന്ത്രിക വിരലുകളുള്ള, ആത്മാർത്ഥതയുള്ള, ഊർജസ്വലനായ ചെറുപ്പക്കാരനെപ്പറ്റിയായിരുന്നു. അയാൾ ഇപ്പോഴും കലാലയത്തിലെ ഏതോ മരച്ചുവട്ടിൽ ചിൻ റെസ്റ്റിൽ വയലിനുമുറപ്പിച്ച് പ്രിയപ്പെട്ട ഏതോ ഈണവും മീട്ടി ഇരിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ഓരോരുത്തരും ആവർത്തിച്ചു.
ഇന്നലെ രാവിലെ ശാന്തികവാടത്തിൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ബാലഭാസ്കറിന്റെ സുഹൃത്തുക്കളും ആരാധകരും സഹപ്രവർത്തകരും സംഗീതലോകത്തെ പ്രതിഭകളും വയലിൻ മാന്ത്രികനെ അനുസ്മരിക്കാനായി യൂണിവേഴ്സിറ്റി കോളേജ് മുറ്റത്ത് ഒത്തുകൂടിയത്. കലാലയ മുത്തശ്ശിയുടെ പ്രായത്തോളമുള്ള കാമ്പസിലെ വയസൻ മരങ്ങൾ ഇലകളുടെ നേർത്ത ശബ്ദം പോലും കേൾപ്പിക്കാതെ ചെവി കൂർപ്പിച്ച് ബാലുവിന്റെ ഓർമ്മകൾക്കൊപ്പം കൂടി.
ബാലു കലാലയത്തിനും സുഹൃത്തുക്കൾക്കും തിരുവനന്തപുരത്തിനും ആരായിരുന്നു എന്ന ഓർമ്മപ്പെടുത്തലായിരുന്നു യൂണിവേഴ്സിറ്റി കോളേജ് അലുമിനി അസോസിയേഷൻ സംഘടിപ്പിച്ച ബാലഭാസ്കർ അനുസ്മരണത്തിലെ ഓരോ സംസാരവും.
ഗ്രാമി അവാർഡ് ബാലുവിന്റെ സ്വപ്നമായിരുന്നു: മധു ബാലകൃഷ്ണൻ
വലിയ സ്വപ്നങ്ങൾക്കു പിറകെ പോകുന്ന ആളായിരുന്നു ബാലു. സംഗീതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന തീവ്രമായ ആഗ്രഹം. എപ്പോഴും അതിനായുള്ള പരിശ്രമം. ഇതെല്ലാം ബാലുവിന്റെ പ്രത്യേകതയായിരുന്നുവെന്ന് ഗായകൻ മധു ബാലകൃഷ്ണൻ ഓർത്തു. സംഗീതത്തിന്റെ പരമോന്നത പുരസ്കാരമായ ഗ്രാമി നേടുകയെന്ന ലക്ഷ്യം ബാലു പങ്കുവച്ചിരുന്നതായി മധു ബാലകൃഷ്ണൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി.എസ് ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ഗായകരായ രാജലക്ഷ്മി, സയനോര, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ അനിൽകുമാർ, ചെയർമാൻ അമൽ, സുഹൃത്തുക്കളായ ജോബി, ബിനീഷ് കോടിയേരി, ഡെന്നിസൺ, ജോസി, അശോകൻ, ഗിരീഷ്, അൻവർ സാദത്ത്, എസ്.പി ദീപക് രാജേഷ്,വക്കം സജീവ് എന്നിവർ ബാലഭാസ്കറിനെ അനുസ്മരിച്ചു.
തിരുവനന്തപുരത്തിന്റെ സാധാരണക്കാരൻ: മന്ത്രി കടകംപള്ളി
തിരുവനന്തപുരത്തെ തട്ടുകടയിൽ നിന്ന് കൂട്ടുകാരോടൊപ്പം ചായ കുടിക്കുന്ന സാധാരണക്കാരനായ ബാലുവിനെ തനിക്ക് അടുത്തറിയാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുസ്മരിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിനു മുമ്പിലെ തട്ടുകടയിൽ, മാനവീയം വീഥിയിലെ തട്ടുകടയിൽ നിന്നെല്ലാം കൂട്ടുകാർക്കൊപ്പം നിന്ന് ചായ കുടിക്കുന്ന ബാലുവിനെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ബാലു അറിയപ്പെടുന്ന വയലിനിസ്റ്റ് ആയതിനു ശേഷമാണത്. സുഹൃത്തുക്കൾ ബാലുവിന്റെ ശക്തിയും ദൗർബല്യവുമായിരുന്നു. അതുപോലെയാണ് ബാലുവിന് യൂണിവേഴ്സിറ്റി കോളേജിനോടുള്ള അടുപ്പവും. സാധാരണക്കാരനായ ഒരു തിരുവനന്തപുരത്തുകാരൻ എന്നും ബാലുവിലുണ്ടായിരുന്നു. പ്രളയദുരിതാശ്വാസ വേളയിലും ബാലുവിലെ മനുഷ്യനെ ഞാൻ കണ്ടിരുന്നു. ആശുപത്രിയിൽ ചെന്ന് ഡോക്ടർമാരോട് ആരോഗ്യനില തിരക്കുമ്പോഴും പോരാളിയായ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് ഉണ്ടായിരുന്നതെന്നും കടകംപള്ളി പറഞ്ഞു.
ഹൃദയത്തിൽ നിന്നു വരുന്ന സംഗീതം: ശിവമണി
'ബാലുവിനൊപ്പം ഒരുപാട് വേദികളിൽ ഒരുമിച്ച് പെർഫോം ചെയ്തു. സംഗീതത്തോട് ആ ചെറുപ്പക്കാരനുണ്ടായിരുന്ന പാഷൻ എനിക്കറിയാം. ഹൃദയത്തിൽ നിന്ന് വരുന്ന സംഗീതമാണ് ബാലുവിന്റെ വയലിനിലൂടെ നമ്മൾ കേൾക്കുന്നത്. അതാണ് അത് ഇത്ര ഹൃദ്യമാകുന്നത്.