തിരുവനന്തപുരം: 100 മാർക്കിന് അഭിമുഖം നടത്തി യു.പി സ്കൂളുകളിലെ അദ്ധ്യാപകനിയമനത്തിലെ സംവരണം അട്ടിമറിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കള്ളക്കളി. ആകെ മാർക്കിന്റെ 12 ശതമാനത്തിൽ അധികമാവരുത് അഭിമുഖ പരീക്ഷയിലെ മാർക്കെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. പി.എസ്.സി പോലും പരമാവധി 20 മാർക്കിനാണ് അഭിമുഖം നടത്തുന്നത്. എന്നാൽ ദേവസ്വംബോർഡ് ചെയർമാനും വിഷയവിദഗ്ദ്ധനും ഏഴര വീതം മാർക്ക്, അധികയോഗ്യതയ്ക്കും ജോലി പരിചയത്തിനും 85 മാർക്ക് എന്ന രീതിയിലാണ് അഭിമുഖത്തിന് മാർക്ക് നിശ്ചയിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള അദ്ധ്യാപക യോഗ്യതകൾ മാത്രമാണ് ബോർഡിന്റെ സ്കൂളുകളിലും ബാധകമെന്നിരിക്കെ, വേണ്ടപ്പെട്ടവരെ കുത്തിനിറയ്ക്കാനാണ് 85 മാർക്കിന്റെ തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം. 30 ലക്ഷത്തിന്റെ കോഴയിടപാട് നടക്കുന്നതായാണ് വിവരം.
പ്ലസ്ടുവും ടി.ടി.സിയുമാണ് യോഗ്യത. അധികയോഗ്യതയുള്ളവർക്കും പരിചയസമ്പന്നർക്കും 85 ഗ്രേസ്‌മാർക്ക് നൽകുമെന്നാണ് ബോർഡിന്റെ ന്യായം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി പരീക്ഷ നടത്തി 120 പേരുടെ ചുരുക്കപ്പട്ടിക ബോർഡ് സ്വയം തയ്യാറാക്കുകയായിരുന്നു. ഒ.എം.ആർ പരീക്ഷയുടെ റാങ്ക്പട്ടികയോ ചുരുക്കപ്പട്ടികയോ തയ്യാറാക്കാതെ, പരീക്ഷനടത്തിയ റിക്രൂട്ട്മെന്റ് ബോർഡിൽനിന്ന് മാർക്ക് ലിസ്റ്റ് അതേപടി ദേവസ്വം ബോർഡ് കൈവശമാക്കുകയായിരുന്നു. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം പാലിച്ചിട്ടേയില്ല. 48.75 എന്ന കട്ട്ഓഫ് മാർക്ക് നിശ്ചയിച്ചതിന്റെ മാനദണ്ഡവും വ്യക്തമല്ല. ദേവസ്വം ബോർഡ് യു.പി സ്കൂളുകളിലെ 12 അദ്ധ്യാപക ഒഴിവുകളിലേക്ക് 2017 മാർച്ച് രണ്ടിനാണ് അപേക്ഷ ക്ഷണിച്ചത്.
ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി, കട്ട്ഒാഫ് മാർക്ക് നിശ്ചയിച്ച് ഒഴിവിന്റെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ദേവസ്വം ബോർഡിന് കൈമാറാൻ റിക്രൂട്ട്മെന്റ് ബോർഡ് തീരുമാനിച്ചു. അഭിമുഖം നടത്തിയ ശേഷം ഉദ്യോഗാർത്ഥികളുടെ എഴുത്തുപരീക്ഷയിലെ മാർക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ ഏപ്രിൽ10ന് ഈ തീരുമാനത്തിൽ മാറ്റം വരുത്തിയതായി ദേവസ്വംബോർഡ് റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിച്ചു.
മൂല്യനിർണയം നടത്തി, മാർക്കും ഉത്തരക്കടലാസും അപേക്ഷകളും മേയ് ആദ്യവാരം നൽകണമെന്നും റാങ്ക്പട്ടികയോ ചുരുക്കപ്പട്ടികയോ തയ്യാറാക്കേണ്ടെന്നും ദേവസ്വംബോർഡ്, റിക്രൂട്ട്മെന്റ് ബോർഡിന് നിർദ്ദേശം നൽകി. ഇത് റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചു. മേയ് 18ന് നടത്തിയ പരീക്ഷയുടെ മാർക്ക് അതേപടി ദേവസ്വംബോർഡിന് കൈമാറി.
ഇതാണ് കാരണം
നേരത്തേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ നിയമനങ്ങളിൽ പട്ടിക,പിന്നാക്ക വിഭാഗങ്ങൾക്ക് നേട്ടമുണ്ടായതാണ് സംവരണവിരുദ്ധരെ ചൊടിപ്പിച്ചത്. ശാന്തിയായി 174 പേർ നിയമിക്കപ്പെട്ടപ്പോൾ 57 ഈഴവരും 12 പട്ടികജാതിക്കാരും 11 പിന്നാക്കക്കാരും 6 വിശ്വകർമ്മജരും രണ്ട് നാടാർ സമുദായാംഗങ്ങളും 10 ധീവരരുമുണ്ട്. അസി.എൻജിനിയറുടെ പട്ടികയിൽ 18 ഈഴവ, 4 വീതം പട്ടികജാതി, ഒ.ബി.സി, വിശ്വകർമ്മ, 3 വീതം പട്ടികവർഗം, ധീവര, നാടാർ സമുദായക്കാരുണ്ട്. അസി. എൻജിനിയറായി നിയമനശുപാർശ നൽകിയ 7 പേരിൽ നാല് ഈഴവരും ഒരു പട്ടികജാതിക്കാരനുമുണ്ട്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പിന്നാക്കവിഭാഗക്കാർക്ക് നിയമനം ലഭിക്കുന്നത്.
അട്ടിമറികൾ
സംവരണവിഭാഗങ്ങൾക്ക് മാർക്കിളവ് നൽകിയില്ല പ്രത്യേക സംവരണ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല കട്ട്ഓഫ് മാർക്കിലും സംവരണക്കാർക്ക് ഇളവില്ല സപ്ലിമെന്ററി പട്ടികയുമില്ല
''ഈ നിയമനത്തിൽ സംവരണം പാലിക്കുന്നില്ല. പ്രൊട്ടക്ടഡ് അദ്ധ്യാപകരെ പകുതി തസ്തികയിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിനാലാണ് സംവരണം ഒഴിവാക്കിയത്.''
കെ.പി. ശങ്കരദാസ്, ദേവസ്വംബോർഡ് അംഗം