തിരുവനന്തപുരം: തുമ്പയിലും വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലും ഇനി ആഘോഷനാളുകൾ. ലോക ബഹിരാകാശവാരാചരണത്തോടനുബന്ധിച്ച് തുമ്പയിലെ വി.എസ്.എസ്.സി കാമ്പസിൽ ഇന്നു മുതൽ 7 വരെ വിവിധ പരിപാടികൾ നടക്കും. പൊതുജനങ്ങൾക്കായി ലൈവ് സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണവും ഉണ്ടാകും. ദിവസവും രാവിലെ 11.45നാണ് റോക്കറ്റ് വിക്ഷേപണം.
വി.എസ്.എസ്.സി സന്ദർശിക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകൾക്കുംസ്കൂളുകൾക്കും പ്രത്യേക അവസരവും നൽകും.ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ആദ്യകേന്ദ്രമാണ് തുമ്പയിലെ വി.എസ്.എസ്.സി. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ 1962 ൽ തുടക്കമിട്ട ഇക്വറ്റോറിയൽ റോക്കറ്റ് ലോംഞ്ചിംഗ് സ്റ്റേഷനാണ് പിന്നീട് ഗവേഷണ വികസന സ്ഥാപനമായി വളർന്ന് പന്തലിച്ചത്. അന്ന് ഐ.എസ്.ആർ.ഒ കേന്ദ്രം സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലത്തുണ്ടായിരുന്ന വിശുദ്ധ മേരി മഗ്ദലനെ പള്ളിയാണ് പിന്നീട് സ്പെയ്സ് മ്യൂസിയമാക്കി മാറ്റിയത്. പള്ളിയുടെ കെട്ടിടവും വാസ്തുവിദ്യയും ഒന്നും മാറ്റമില്ലാതെ സംരക്ഷിച്ചുകൊണ്ടാണ് ഐ.എസ്.ആർ.ഒയുടെ വളർച്ച വിളിച്ചറിയിക്കുന്ന മ്യൂസിയം നിർമ്മിച്ചത്. മ്യൂസിയത്തിന് മുന്നിൽ ഐ.എസ്.ആർ.ഒ ഇതുവരെ വിക്ഷേപിച്ച റോക്കറ്റുകളുടെ അതേ വലിപ്പത്തിലുള്ള മാതൃകകളുമുണ്ട്. 1962 മുതൽ സൗണ്ടിംഗ് റോക്കറ്റുകൾ പരീക്ഷണങ്ങൾക്കായി വിക്ഷേപിക്കുന്ന അതേ വിക്ഷേപണത്തറയിൽ നിന്നാണ് പൊതുജനങ്ങൾക്ക് കാണാനായി സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷേപിക്കുക.
സ്പെയ്സ് വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്, സെമിനാറുകൾ, ശില്പശാലകൾ തുടങ്ങി വിവിധ പരിപാടികളും വി.എസ്.എസ്.സി നടത്തുന്നുണ്ട്.1999 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം സമൂഹത്തിന് ബഹിരാകാശഗവേഷണ മേഖല നൽകുന്ന സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശവാരാചരണം തുടങ്ങിയത്. ചരിത്രത്തിലാദ്യമായി മനുഷ്യനിർമ്മിത കൃത്രിമ ഉപഗ്രഹമായസ്പുട്നിക് 1 വിക്ഷേപിച്ച ഒക്ടോബർ 4 മുതൽ ബഹിരാകാശത്തെ സമാധാന ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിനായി അന്താരാഷ്ട്ര കരാറിന് രൂപം നൽകിയ ഒക്ടോബർ 10 വരെയാണ് വേൾഡ് സ്പെയ്സ് വീക്കായി ആചരിക്കുന്നത്.
ഇന്ന് വൈകിട്ട് 3ന് വി.എസ്.എസ്.സിയിലെ ശ്രീനിവാസൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം ഇൗ വർഷത്തെ സംസ്ഥാനത്തെ ബഹിരാകാശ വാരാചരണം ഉദ്ഘാടനം ചെയ്യും.