ഗർഭിണികൾക്ക് ഒഴിച്ചുകൂടാനാവാത്ത പോഷകമായ ഫോളിക് ആസിഡിന്റെ ഉറവിടമാണ് കിവി .ഇത് കഴിക്കുന്നതിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പാക്കാം. നവജാത ശിശുക്കളുടെ വൈകല്യങ്ങൾ തടയാനും ഈ ഫലവർഗത്തിന് കഴിവുണ്ട്. വിറ്റാമിൻ ബി കുടുംബത്തിലെ അംഗമായ ഫോളേറ്റ് കിവിയിലുണ്ട്. ഇത് പുതിയ കോശങ്ങളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. നാരുകളുടെ ഉറവിടമായതിനാൽ ഗർഭിണികളുടെ ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഗർഭിണികൾ കിവിപ്പഴം ദിവസവും കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തി ഗ്യാസ് ട്രബിൾ,ഛർദ്ദി, വയറിലെ അസ്വസ്ഥതകൾ എന്നിവ പരിഹരിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കും. കിവി കഴിക്കുന്നത് ഗർഭകാലത്തെ അണുബാധ തടയാനും രോഗപ്രതിരോധശേഷി കൂട്ടാനുംസഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകൾക്ക് വന്ധ്യത പ്രതിരോധിക്കാനും കഴിവുള്ളതിനാൽ വന്ധ്യതാപ്രശ്നമുള്ളവരും കിവി കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി, ഡി എന്നിവയാലും സമ്പന്നമാണ് . കൊഴുപ്പിനെ നശിപ്പിക്കുന്ന കിവി ശരീരത്തിന് കൂടുതൽ ഊർജം പ്രദാനം ചെയ്യുന്നു എന്ന മെച്ചവും ഉണ്ട്.