നിയമസഭാ സാമാജികന്റെ തിരക്കുകളിൽ നിന്നും മുകേഷ് വീണ്ടും സിനിമയിൽ സജീവമാകുന്നു. അടൂർ ഗോപാലകൃഷ്ണന്റെയും പ്രിയദർശന്റെയും ചിത്രങ്ങൾ ഉൾപ്പെടെ പുതിയ നാല് ചിത്രങ്ങളാണ് മുകേഷ് കമ്മിറ്റ് ചെയ്തിരിക്കുന്നത്.
വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന ഹ്രസ്വചിത്രമായ സുഖാന്ത്യത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. ജഗതി എൻ.കെ. ആചാരിയുടെ ഒരു നാടകത്തെ ആസ്പദമാക്കി അടൂർ ഒരുക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ പതിനൊന്നിന് തിരുവനന്തപുരത്ത് തുടങ്ങും. അഞ്ച് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ - അറബിക്കടലിന്റെ സിംഹത്തിൽ സാമൂതിരിയുടെ വേഷമാണ് മുകേഷ് അവതരിപ്പിക്കുന്നത്.
അടി കപ്യാരേ കൂട്ടമണിക്ക് ശേഷം ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മുകേഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് ക്വാർട്ടേഴ്സിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ തിരുവനന്തപുരത്ത് തുടങ്ങും. സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ്, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
തൊടുപുഴയിൽ തുടങ്ങുന്ന ഒരു ഒളിച്ചോട്ടക്കഥ എന്ന ചിത്രത്തിൽ വിജയരാഘവന്റെ മകനായാണ് മുകേഷ് അഭിനയിക്കുന്നത്.അച്ഛന്റെയുംമകന്റെയും ചെറുമകന്റെയും ഹൃദയബന്ധത്തിന്റെ കഥയാണ്ചിത്രം പറയുന്നത്.നവാഗതനാണ് സംവിധായകൻ. മമ്മൂട്ടിച്ചിത്രമായ മാസ്റ്റർ പീസിലാണ് മുകേഷ് ഒടുവിലഭിനയിച്ചത്.