കൊച്ചി: ക്രൂഡോയിൽ വിലക്കുതിപ്പിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും രൂപയും ഇന്നലെ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കം മുതൽ നഷ്ടത്തിലായിരുന്ന രൂപ, ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ 73ലേക്ക് തകർന്നടിഞ്ഞു. ഒരുവേള 73.38 വരെ രൂപ തകർന്നു. ഒടുവിൽ 43 പൈസയുടെ നഷ്ടവുമായി 73.34ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രൂപ 47 പൈസയുടെ നഷ്ടം കുറിച്ചിരുന്നു.
ഇറാനുമേൽ അമേരിക്കയുടെ ഉപരോധം പ്രാബല്യത്തിൽ വരാനിരിക്കേ, വിതരണം കുറഞ്ഞേക്കുമെന്ന സൂചനകളാണ് ക്രൂഡോയിൽ വിലക്കുതിപ്പിന്റെ കാരണം. ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബ്രെന്റ് ക്രൂഡ് വില ബാരലിന് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 85 ഡോളറിലെത്തിയത് ഇന്ത്യൻ വിപണിയെയും രൂപയെയും ആടിയുലച്ചു.
ക്രൂഡോയിൽ വാങ്ങലിന് വൻതോതിൽ ഡോളർ ചെലവഴിക്കേണ്ടി വരുന്നതും മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയ്ക്കുമേൽ വലിയ സമ്മർദ്ദമാകുന്നുണ്ട്. കഴിഞ്ഞമാസം മാത്രം ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപകർ 10,000 കോടി രൂപ പിൻവലിച്ചു. ക്രൂഡോയിൽ വില കൂടുന്നത് ഇന്ത്യയുടെ ധന, വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാനിടയാക്കുമെന്ന വിലയിരുത്തലുകളാണ് കാരണം.
സെൻസെക്സ് 550 പോയിന്റിടിഞ്ഞ് 35,975ലും നിഫ്റ്റി 150 പോയിന്റ് താഴ്ന്ന് 10,858ലും വ്യാപാരം അവസാനിപ്പിച്ചു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ക്‌ളോസിംഗ് പോയിന്റാണിത്. സെപ്തംബറിലെ നിരാശപ്പെടുത്തുന്ന വില്പനക്കണക്ക് മൂലം വാഹന ഓഹരികൾ നേരിട്ട തളർച്ചയും ഓഹരി വിപണിക്ക് തിരിച്ചടിയായി. ഏഴ് ശതമാനം വരെ ഇടിഞ്ഞ മഹീന്ദ്രആൻഡ് മഹീന്ദ്ര, ഐഷർമോട്ടോഴ്സ് എന്നീ ഓട്ടോഓഹരികളും ഭാരതി ഇൻഫ്രാടെൽ, ടി.സി.എസ്., ആക്സിസ് ബാങ്ക് എന്നിവയുമാണ് വിപണിയുടെ നഷ്ടത്തിന് നേതൃത്വം കൊടുത്തത്. ഇറ്റാലിയൻ സർക്കാർ കടത്തിൽ മുങ്ങിയെന്ന വാർത്തകളെ തുടർന്ന് ആഗോള ഓഹരികൾ നേരിട്ട തളർച്ചയും ഇന്ത്യയിൽ പ്രതിഫലിച്ചു.
പലിശഭാരം കൂടിയേക്കും
രൂപയുടെ മൂല്യത്തകർച്ച, ക്രൂഡോയിൽ വിലക്കുതിപ്പ് എന്നിവ കണക്കിലെടുത്ത് റിസർവ് ബാങ്ക് ഇക്കുറിയും മുഖ്യ പലിശനിരക്കുകൾ കൂട്ടിയേക്കും. നാളെയാണ് റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടു യോഗങ്ങളിലും കാൽ ശതമാനം വീതം കൂട്ടി റിപ്പോനിരക്ക് റിസർവ് ബാങ്ക് 6.50 ശതമാനമാക്കിയിരുന്നു. ക്രൂഡോയിൽ വിലക്കുതിപ്പ് പെട്രോൾ, ഡീസൽ വിലകളെ റെക്കാഡ് ഉയരത്തിൽ എത്തിച്ചിട്ടുണ്ട്. ഇത്, നാണയപ്പെരുപ്പം കൂടാനിടയാക്കിയേക്കുമെന്ന വിലയിരുത്തൽ റിസർവ് ബാങ്കിനുണ്ട്. നാളെയും റിപ്പോനിരക്ക് കാൽ ശതമാനം കൂടാനാണ് സാദ്ധ്യത.
പൊന്നിൻ വിലയും മുന്നോട്ട്
രൂപയുടെ മൂല്യത്തകർച്ചമൂലം രാജ്യത്ത് സ്വർണവിലയും കുതിക്കുന്നു. കേരളത്തിൽ പവൻ വില ഇന്നലെ 320 രൂപ ഉയർന്ന് 23,200 രൂപയായി. 40 രൂപ വർദ്ധിച്ച് 2,900 രൂപയാണ് ഗ്രാം വില. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,200 ഡോളറിൽ താഴെയായിരുന്ന വില ഇന്നലെ 1,201 ഡോളറായി ഉയർന്നു.
ഒരൊറ്റ ദിനം, നഷ്ടം ₹1.79 ലക്ഷം കോടി
ഇന്നലെ സെൻസെക്സിലെ നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് കൊഴിഞ്ഞത് 1.79 ലക്ഷം കോടി രൂപ. 145.43 ലക്ഷം കോടി രൂപയിൽ നിന്ന് 143.64 ലക്ഷം കോടി രൂപയായാണ് നിക്ഷേപക ആസ്‌തി താഴ്‌ന്നത്. സെപ്തംബറിൽ നിക്ഷേപകർക്ക് 14.48 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടിരുന്നു.
ക്രൂഡോയിൽ വില $85 കടന്നു
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രെന്റ് ക്രൂഡ് വില 85 ഡോളർ കടന്നതാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്. ഇറാനുമേൽ അമേരിക്കയുടെ സാമ്പത്തിക ഉപരോധം ഉടനുണ്ടാകുമെന്ന ആശങ്കയാണ് വിലക്കുതിപ്പിന് പിന്നിൽ.
₹73.34
ക്രൂഡോയിൽ വിലക്കുതിപ്പിന്റെ സമ്മർദ്ദംമൂലം ഇന്ത്യൻ റുപ്പി ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ 73ലേക്ക് കൂപ്പുകുത്തി. ഇന്നലെ 43 പൈസ ഇടിഞ്ഞ്, 73.34ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചയും രൂപയ്ക്ക് 47 പൈസയുടെ നഷ്ടമുണ്ടായിരുന്നു.