തിരുവനന്തപുരം: അറബിക്കടലിന് തെക്ക് കിഴക്കായി ശ്രീലങ്കയ്ക്കടുത്ത് നാളെയോടെ ശക്തമായ ന്യൂനമർദ്ദം രൂപപ്പെടാമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളെടുക്കാൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്യൂനമർദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അടിയന്തരയോഗം ചേർന്ന് മുൻകരുതലെടുക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും തീരുമാനിച്ചു.
ഓഖിയോളം വരില്ല, എങ്കിലും ഭീകരൻ
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് നാളെ രൂപം കൊള്ളന്ന ന്യൂനമർദ്ദം എട്ടാം തീയതിയോടെ വൻചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നാശം വിതച്ച ഒാഖിയിൽ നിന്ന് വ്യത്യസ്തമായി ഇത് കേരളതീരത്തുനിന്ന് മാറി ലക്ഷദ്വീപിന്റെ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് പോകാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ സന്തോഷ് പറഞ്ഞു.
വേഗത 87 കിലോമീറ്റർ
നാളെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ മേലെയായി ന്യൂനമർദ്ദം രൂപം കൊള്ളും
രണ്ടുദിവസത്തിനകം ഡിപ്രഷനായും ഡീപ് ഡിപ്രഷനായും വൻ ചുഴലിക്കൊടുങ്കാറ്റായും സംഹാര രൂപമെടുക്കാം.
തുടക്കത്തിൽ മണിക്കൂറിൽ 31 കിലോമീറ്റർ വരെ വേഗത.
ചുഴലിക്കാറ്റാകുമ്പോൾ മണിക്കൂറിൽ 87 കിലോമീറ്റർ വേഗത.
ഒാഖി വേഗത മണിക്കൂറിൽ 155 കിലോമീറ്ററായിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം മേഖലകളിൽ മഴയും കാറ്റും ഇടിമുഴക്കവും ഉണ്ടാകും
നാളെ മുതൽ എട്ടുവരെ സംസ്ഥാനം മുഴുവൻ ജാഗ്രത പാലിക്കണം.
നിർദ്ദേശങ്ങൾ
അതിശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ധമാവും. മത്സ്യത്തൊഴിലാളികൾ നാളേക്ക് മുമ്പ് സുരക്ഷിതമായ ഏറ്റവുമടുത്ത തീരത്തെത്തണം.
ഇന്നേക്ക് ശേഷം ആരും കടലിൽ പോകരുത്. തീരത്താകെ ഈ നിർദ്ദേശം ഉച്ചഭാഷിണിയിലൂടെ അറിയിക്കും.
നാളെയോടെ കേരളത്തിലാകെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത.
മലയോരമേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത. ഇവിടങ്ങളിലുള്ളവർ അധികൃതരുടെ നിർദ്ദേശം സ്വീകരിക്കണം.
നാളെയോടെ ഇത്തരം സ്ഥലങ്ങളിൽ കളക്ടർമാർ ക്യാമ്പുകൾ തയ്യാറാക്കണം.
മലയോരമേഖലകളിൽ രാത്രിസഞ്ചാരം ഒഴിവാക്കണം.
ഇനിയൊരറിയിപ്പ് വരെ മൂന്നാർ യാത്ര ഒഴിവാക്കണം.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ളതിനാൽ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറണം.
ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും വൈദ്യുതിലൈനുകൾ തകരാറിലാവാനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
പ്രളയം ബാധിച്ചതും ഉരുൾപൊട്ടലുണ്ടായതുമായ സ്ഥലങ്ങളിൽ പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും.
പ്രളയത്തിൽ തകർന്ന വീടുകൾ വാസയോഗ്യമായിട്ടില്ലാത്തതിനാൽ പഴയ കേന്ദ്രങ്ങളിൽ ക്യാമ്പുകളൊരുക്കും.
കേന്ദ്ര സേനാവിഭാഗങ്ങളോട് സജ്ജമാകാൻ ആവശ്യപ്പെട്ടു.
ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് ടീമുകളെ അധികമായി ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരെ ദുരന്ത സാദ്ധ്യതാമേഖലകളിൽ നിന്ന് മാറ്റണം.
ദുരന്ത നിവാരണ അതോറിട്ടി ഇന്ന് ഡാമുകളുടെ ജലനിരപ്പ് പരിഗണിച്ച് നടപടികളെടുക്കും. 7ന് റെഡ് അലർട്ട്
അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. 7ന് ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒാറഞ്ച് അലർട്ട്