ബോളിവുഡ് താരം ദീപിക പദുക്കോൺ നിർമ്മാതാവാകാൻ ഒരുങ്ങുന്നു. റാസി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക മേഘ്ന ഗുൽസാറിന്റെ ചിത്രമാണ് ദീപിക നിർമ്മിക്കുക. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദീപികയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം ആധാരമാക്കുന്ന ചിത്രമായിരിക്കും ഇതെന്ന് വാർത്തകളുണ്ട്. ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങും. പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ്മ തുടങ്ങിയവർക്ക് പിന്നാലെയാണ് ദീപികയും നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ നിർമ്മിക്കാനാണത്രെ താരത്തിന് താത്പര്യം.
ആലിയ ഭട്ടിനെ നായികയാക്കിയാണ് മേഘ്ന ഗുൽസാർ റാസി സംവിധാനം ചെയ്തത്. പാകിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന ഇന്ത്യൻ ചാരവനിതയുടെ കഥ പറഞ്ഞ റാസിയിൽ ആലിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതാണ് ദീപിക ഒടുവിൽ അഭിനയിച്ച ചിത്രം. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സപ്ന ദീദിയിലും ദീപികയാണ് നായിക. ചിത്രത്തിലെ നായകൻ ഇർഫാൻ ഖാൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ തുടർന്ന് ഷൂട്ടിംഗ് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം ബോളിവുഡ് താരം രൺവീർ സിംഗുമായുള്ള ദീപികയുടെ വിവാഹം നവംബറിൽ നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.