ലക്‌നൗ: തന്റെ ജോലിക്കാര്യത്തിൽ ഉറപ്പ് ലഭിക്കാതെ ഉത്തർപ്രദേശ് സർക്കാർ വാഗ്‌ദ്ധാനം ചെയ്‌ത 30 ലക്ഷം രൂപയുടെ ചെക്ക് വാങ്ങില്ലെന്ന് പൊതുവേദിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തുറന്നടിച്ച് കായികതാരം. ഏഷ്യൻ ഗെയിംസ് സ്‌റ്റീപ്പിൾ ചെയ്‌സിൽ സ്വർണ മെഡൽ നേടുകയും ഒമ്പത് തവണ ദേശീയ ചാമ്പ്യനാവുകയും ചെയ‌്ത സുധ സിംഗാണ് മുഖ്യമന്ത്രിയെയും ഉദ്യോഗസ്ഥരെയും അക്ഷരാർത്ഥത്തിൽ വിറപ്പിച്ചത്. ഒടുവിൽ കായിക വകുപ്പിൽ ഡെപ്യൂട്ടി ഡയറക്‌ടർ തസ്‌തികയിൽ ജോലി നൽകാമെന്ന ഉറപ്പിലാണ് മുഖ്യമന്ത്രിയിൽ നിന്ന് ചെക്ക് വാങ്ങി താരം വേദി വിട്ടത്.
സംസ്ഥാനത്തെ കായികതാരങ്ങളെ ആദരിക്കുന്നതിനായി യു.പി സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സുധ സിംഗിനെ പുരസ്‌ക്കാരം നൽകാനായി വിളിച്ചപ്പോൾ തന്റെ ജോലിക്കാര്യത്തിൽ തീരുമാനമാകാതെ സ്വീകരിക്കില്ലെന്നായിരുന്നു താരത്തിന്റെ നിലപാട്. ഇതോടെ പരിപാടി കുറച്ച് നേരത്തേക്ക് തടസപ്പെട്ടു. തനിക്ക് പണമല്ല ജോലിയാണ് വേണ്ടതെന്ന് താരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തനിക്ക് തരാമെന്നേറ്റ പണം സംസ്ഥാനത്തെ യുവ കായികതാരങ്ങളുടെ ക്ഷേമത്തിനായി വിതരണം ചെയ്യണം. തനിക്ക് സർക്കാർ ജോലി മതി. കായിക വകുപ്പിലെ ചില ഉദ്യോഗസ്ഥർ തനിക്ക് ജോലി നൽകുന്നതിന് തടസം നിൽക്കുകയാണെന്നും താരം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്നാൽ തത്കാലം സർക്കാരിന്റെ ആദരവ് വാങ്ങാനും ജോലിക്കാര്യം ശരിയാക്കാമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. തുടർന്ന് സമ്മാനം വാങ്ങി താരം വേദി വിട്ടു. അതേസമയം, ഉറപ്പ് നൽകിയ ജോലി ലഭിച്ചില്ലെങ്കിൽ സമ്മാനം തിരികെ നൽകുമെന്ന് താരം പിന്നീട് വ്യക്തമാക്കി.