തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിനെ എ.കെ.ജി. സെന്ററിന്റെ അനുബന്ധ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം സർക്കാരും സി.പി.എമ്മും ഉപേക്ഷിക്കണമെന്ന് വി.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡന്റ് അയ്യപ്പ ഭക്തരുടെ താൽപര്യങ്ങൾ നടപ്പാക്കുന്നതിനു പകരം സി.പി.എമ്മിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിൽ സുപ്രീം കോടതിയിൽ വാദം ആരംഭിക്കുമ്പോൾതന്നെ സർക്കാരും ദേവസ്വം ബോർഡുമെടുത്ത പരസ്പര വിരുദ്ധാഭിപ്രായമായ നിലപാടുകൾ സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയുടെ ഭാഗമായിരുന്നു. അന്തിമ വിധി വന്നശേഷം റിവ്യൂ ഹർജി നൽകുന്നത് പരിശോധിക്കുമെന്നു പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ അഭിപ്രായവും ഇതിന്റെ ഭാഗമായിരുന്നു. ഈ അഭിപ്രായ പ്രകടത്തിലൂടെ അയ്യപ്പഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ശബരിമല സ്ത്രീ പ്രവേശന കാര്യത്തിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് രാജ്യത്തെ കോടിക്കണക്കിനായ അയ്യപ്പഭക്തരുടെ വിശ്വാസത്തെയാണ് ദേവസ്വം ബോർഡ് സംരക്ഷിക്കേണ്ടത്. സി.പി.എമ്മിനകത്തെ ക്ഷേത്രവിശ്വാസികൾ പാർട്ടിയുടെ ഈ നിലപാട് തിരുത്തിക്കാൻ മുന്നോട്ടുവരണം. ഭക്തരുടെ താൽപര്യം ബലികഴിച്ച് പാർട്ടിയുടെ താൽപര്യം സംരക്ഷിക്കാനാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രമിക്കുന്നതെങ്കിൽ ആ സ്ഥാനത്ത് തുടരാൻ അദ്ദേഹം അർഹനല്ല. അങ്ങനെയെങ്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പദ്മകുമാർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.