രാജ്കോട്ട് : അടുത്ത മാസവസാനം നടക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിന് പരിശീലനമെന്നപോലെ ഇന്നുമുതൽ ഇന്ത്യ സ്വന്തം മണ്ണിൽ വെസ്റ്റ് ഇൻഡീസിനെ ടെസ്റ്റിൽ നേരിടുന്നു.
വിൻഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യമത്സരത്തിന് ഇന്ന് രാജ് കോട്ടിലാണ് തുടക്കമാകുന്നത്. രണ്ടാംടെസ്റ്റ് ഇൗമാസം 12 മുതൽ ഹൈദരാബാദിൽ നടക്കും. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 ഇൗ പര്യടനത്തിൽ വിൻഡീസ് കളിക്കുന്നുണ്ട്. ഏകദിനങ്ങളിലൊന്ന് അടുത്തമാസം ഒന്നാംതീയതി തിരുവനന്തപുരത്താണ് നിശ്ചയിച്ചിരിക്കുന്നത്.
ഇംഗ്ളണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ തോറ്റ് മടങ്ങിയെത്തിയ ഇന്ത്യ ദുബായിലെ ഏഷ്യാകപ്പിൽ ജേതാക്കളായ ശേഷമാണ് വീണ്ടും ടെസ്റ്റ് ഫോർ മാറ്റിലേക്ക് ചുവടുവയ്ക്കുന്നത്.
നവംബറിൽ തുടങ്ങുന്ന ആസ്ട്രേലിയ പര്യടനത്തിനുള്ള വാം അപ്പാണ് ഇൗ പരമ്പര. ഏഷ്യാകപ്പിൽ വിശ്രമത്തിലായിരുന്ന വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കൗമാര താരം പൃഥ്വിഷായുടെ ടെസ്റ്റ് അരങ്ങേറ്റം ഇന്ന് നടക്കും. മത്സരത്തലേന്ന് 12 അംഗടീമിനെ പ്രഖ്യാപിക്കുന്ന പതിവും ഇന്ത്യ ഇൗ പരമ്പരയോടെ തുടങ്ങിയിട്ടുണ്ട്. സ്ഥിരം ഒാപ്പണർമാരായ മുരളി വിജയ്‌യും ശിഖർ ധവാനും ഇല്ലാത്ത സാഹചര്യത്തിൽ ലോകേഷ് രാഹുൽ, പൃഥ്വിഷാ, മായാങ്ക് അഗർവാൾ എന്നിവരെയാണ് 12 അംഗ ടീമിൽ ഒാപ്പണർമാരായി നിശ്ചയിച്ചിട്ടുള്ളത്., ഇതിൽ പൃഥ്വിക്കായിരിക്കും അവസരമെന്ന് ക്യാപ്ടൻ വിരാട് കൊഹ്‌ലി അറിയിച്ചിാുണ്ട്. ചേതേശ്വർ പുജര, രഹാാനെ, അശ്വിൻ, ജഡേജ, കുൽദീപ് യാദവ്, ഷമി, ഉമേഷ് യാദവ് എന്നീ സ്ഥിരം ടെസ്റ്റ് ടീമംഗങ്ങളും ഇന്ത്യൻ സംഘത്തിലുണ്ട്. ഇംഗ്ളണ്ടിൽ അരങ്ങേറിയ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക.
2013 ൽ നടന്ന സച്ചിന്റെ വിടവാങ്ങൽ പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് ടീം ടെസ്റ്റ് കളിക്കാൻ ഇന്ത്യയിലേക്ക് വരുന്നത്. അന്ന് പാടേ ദുർബലമായിരുന്ന ടീമിൽനിന്ന് മെച്ചപ്പെട്ട ടീമാണ് പരിശീലകൻ സ്റ്റുവർട്ട് ലോയ്ക്ക് കീഴിൽ ഇന്ത്യയിലെത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ മണ്ണിലെ പരിചയമുള്ളവർ വിൻഡീസ് നിരയിൽ കുറവാണ്. ദേവേന്ദ്ര ബിഷൂ, ക്രെയ്‌ഗ് ബ്രാത്ത് വെയ്‌റ്റ്, കിരൺ പവൽ, ഷാനോൺ ഗബ്രിയേൽ എന്നിവരൊഴികെ ഇന്ത്യയിൽ ടെസ്റ്റ് കളിച്ചാൽ വിൻഡീസ് ടീമിലില്ല. ശ്രീലങ്കയെ 1-1ന് സമനിലയിൽ കുരുക്കുകയും ബംഗ്ളാദേശിനെ 2-0 ത്തിന് കീഴടക്കുകയും ചെയ്തശേഷമാണ് വിൻഡീസ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇംഗ്ളണ്ടിനെ അവരുടെ നാട്ടിൽ അട്ടിമറിച്ച ആത്മവിശ്വാസവും ലോയ്ക്കും ശിഷ്യൻമാർക്കുമുണ്ട്.
ഇന്ത്യൻ 12 അംഗ ടീം
വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ലോകേഷ് രാഹുൽ, പൃഥ്വിഷാ , ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, അശ്വിൻ , ജഡേജ, കുൽദീപ്, ഷമീ, ഉമേഷ്, ശാർദ്ദൂൽ താക്കൂർ.
വിൻഡീസ് സ്ക്വാഡ്
ജാസൺ ഹോൾഡർ (ക്യാപ്ടൻ), സുനിൽ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ക്രെയ്ഗ് ബ്രാത്ത്?വെയ്റ്റ്, റോസ്സ്റ്റൺ ചേസ്, ഷേൻ ഡോവ് റിച്ച്, ഷാനോൻ ബ്രിയേൽ, ജഹ്‌മാർ ഹാമിൽട്ടൺ, ഷിമ്‌റോൺ ഹെറ്റ്മെയർ, ഷായ് ഹോപ്പ്, ഷെർമാൻ ലെവിസ്, കീമോ പോൾ, കീറൺ പവൽ, ജോമൽ വാരിക്കൻ.
ഇന്ത്യൻ മണ്ണിൽ ഞങ്ങൾക്ക് അധികം പരിചയമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വലിയ ടീമുകളെ അട്ടിമറിച്ചവരാണ് ഞങ്ങൾ. ഇൗ പരമ്പര ഇന്ത്യയ്ക്ക് ഏകപക്ഷീയമായി വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പുതരുന്നു.
ജാസൺ ഹോൾഡർ
വിൻഡീസ് ക്യാപ്ടൻ
ടോപ് ഒാർഡർ ബാറ്റിംഗിൽ മാറ്റങ്ങളുണ്ട്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ശ്രമിക്കുന്നത്. ഇംഗ്ളണ്ട് പര്യടനത്തിലെ പിഴവുകൾ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള അവസരമാണ് ഇൗ പരമ്പര.
വിരാട് കൊഹ്‌ലി ഇന്ത്യൻ ക്യാപ്ടൻ
45 ടെസ്റ്റുകളാണ് വിൻഡീസിനെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ കളിച്ചിരിക്കുന്നത്.
11 മത്സരങ്ങൾ ഇതിൽ ഇന്ത്യ വിജയിച്ചു.
14 എണ്ണത്തിൽ വിൻഡീസും
20 മത്സരങ്ങൾ സമനിലയിലായി.
94 ടെസ്റ്റുകൾ ഇരുടീമുകളും
തമ്മിൽ ആകെ കളിച്ചു
18 വിജയങ്ങൾ ഇന്ത്യയ്ക്കും 30 ജയങ്ങൾ വിൻഡീസിനും