muhammed-kunhi

 ദുബായ്: അബുദാബി ബിഗ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച 7 മില്യൻ ദിർഹത്തിൽ (ഏകദേശം 13 കോടി രൂപ) നിന്നും ബന്ധുവിന് കിഡ്നി മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് പണം നൽകുമെന്ന് പ്രവാസി മലയാളി. ജീവിതത്തിൽ മറ്റ് കാര്യങ്ങളുണ്ടെങ്കിലും സമ്മാനത്തുക ലഭിച്ചാൽ ആദ്യം തന്നെ അടുത്ത ബന്ധുവായ അബൂബക്കറിന് കിഡ്നി മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് പണം നൽകുമെന്ന് മുഹമ്മദ് കുഞ്ഞി മയ്യളത്ത് വ്യക്തമാക്കി. യു.എ.ഇ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

അബൂബക്കർ എനിക്ക് സഹോദര തുല്യനാണ്.രണ്ട് കിഡ്നികളും തകരാറിലായ അദ്ദേഹം വർഷങ്ങളായി ആഴ്‌ച തോറുമുള്ള ഡയാലിസിസ് നടത്താൻ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾക്ക് പണം നൽകുന്നതിന്റെ സന്തോഷം തനിക്ക് പറഞ്ഞറിയിക്കാൻ ആകുന്നില്ലെന്നും മുഹമ്മദ് കുഞ്ഞി വ്യക്തമാക്കി. അബുദാബിയിൽ ജോലി ചെയ്‌തിരുന്ന അബൂബക്കർ ചികിത്സാ ആവശ്യങ്ങൾക്കായി രണ്ട് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ബനിയാസിലെ ടെക്‌സ്‌റ്റൈൽ ഷോപ്പിൽ സെയിൽസ്‌മാനായി ജോലി ചെയ്യുന്ന മുഹമ്മദ് കുഞ്ഞി 15 വർഷമായി യു.എ.ഇയിലെത്തിയിട്ട്. 121013 എന്ന നമ്പരിനാണ് മുഹമ്മദ് കുഞ്ഞിക്ക് ബമ്പർ റാഫേൽ സമ്മാനം അടിച്ചത്. ബിഗ് ടിക്കറ്റിന്റെ ഓഫീസിൽ നിന്നും കോൾ എത്തിയപ്പോൾ തട്ടിപ്പായിരിക്കുമെന്നാണ് താൻ കരുതിയതെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. എത്തിസലാത്ത് റാഫേലിൽ തനിക്ക് സമ്മാനം ലഭിച്ചെന്ന് അറിയിച്ച് കൊണ്ട് അടുത്തിടെ തനിക്ക് ഒരു കോൾ വന്നിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യവും വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വെബ്സൈറ്റ് നോക്കിയപ്പോൾ ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. സമ്മാനത്തുകയിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട രോഗികളുടെ ചികിത്സാ ചെലവിനും പണം കണ്ടെത്തുമെന്നും മുഹമ്മദ് കുഞ്ഞി വ്യക്തമാക്കി.