മോസ്കോ : യുവേഫ ചാമ്പ്യൻസ് ലീഫ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ റയൽമാഡ്രിനെ അട്ടിമറിച്ച് റഷ്യൻ ക്ളബ് സി.എസ്.കെ.എ മോസ്കാവ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യൻ ക്ളബ് വിജയിച്ചത്. മത്സരത്തിന്റെ 65-ാം സെക്കൻഡിൽ നിക്കോള വ്ളാസിച്ചാണ് റയലിന്റെ വലയിൽ നിർണായകമായ ഗോളടിച്ചത്. ലോകകപ്പ് ഫൈനലിന് വേദ്രയായ ലൂഷ്നിക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പ്രഹരത്തിന് ശേഷം ഉയിർത്തെണീക്കാൻ റയൽ നിരവധി തവണ ശ്രമിച്ചെങ്കിലും നിർഭാഗ്യം വിലങ്ങുതടിയായി. സ്ഥിരം താരങ്ങൾക്ക് വിശ്രമം നൽകി റൊട്ടേഷൻ പോളിസി നടപ്പിലാക്കിയ റയലിന്റെ പുതിയപരിശീലകൻ ലൊപ്റ്റേ ഗുയിയുടെ തന്തങ്ങൾക്ക് ഏറ്റ തിരിച്ചടിയായി ഈ പരാജയം.
അവിസ്മരണീയമ വിജയത്തിന്റെ ലഹരിയിലമർന്നെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഗോളി ഇഗോർ അക്കിൻഫീവിനെ പുറത്താക്കിയത് മോസ്കാവയ്ക്ക് തിരിച്ചടിയായി. ഈ വിജയത്തോടെ ഗ്രൂപ്പ് ജിയിൽ മൂന്ന് പോയിന്റുള്ള റയലിനെ രണ്ടാമതാക്കി മോസ്കാവ നാലു പോയിന്റുമായിഒന്നാമതെത്തി.
മറ്റ് മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺമ്യൂണിക്കും സമനില വഴങ്ങി. മാഞ്ചസ്റ്ററിനെ സ്പാനിഷ് ക്ളബ് വലൻസിയ ഗോൾ രഹിത സമനിലയിൽ കുരുക്കുകയായിരുന്നു. ഇംഗ്ളീഷ് ലീഗ് കപ്പിൽ നിന്ന് നേരത്തേ പുറത്തായ മാഞ്ചസ്റ്ററിന്റെ പരിശീലകൻ ഹൊസെ മൗറീന്യോയ്ക്ക് മേൽ ഈ സമനില സമ്മർദ്ദമേറ്റിയിട്ടുണ്ട്. ബയേണിനെ ഡച്ച് ക്ളബ് അയാക്സ് 1-1നാണ് സമനിലയിൽ തളച്ത്. നാലാം മിനിട്ടിൽ മാറ്റ് ഹമ്മൽസിലൂടെ മുന്നിലെത്തിയിരുന്ന ബയേണിനെ 22-ാം മിനിട്ടിൽ മസ്റാവിയോയുടെ ഗോളിലൂടെയാണ് അയാക്സ് തളച്ചത്.
ചുവപ്പുകാർഡ് മൂലം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡേയ്ക്ക് കരയ്ക്കിരിക്കേണ്ടി വന്നെങ്കിലും ഇറ്റാലിയൻ ക്ളബ് യുവന്റസ്. യംഗ് ബോയ്സിനെതിരെ തകർപ്പൻ വിജയം നേടി. 3- 0 ത്തിന് യുവന്റസ് ജയിച്ചപ്പോൾ മൂന്ന് ഗോളുകളും അർജന്റീനിയൻ യുവതാരം പൗലോ ഡൈബാലയുടേതായിരുന്നു. 5,33,69 മിനിട്ടുകളിലായിരുന്നു ഡൈബാലയുടെ സ്കോറിംഗ്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർസിറ്റി ജർമ്മൻ ക്ളബ് ഹോഫെൻ ഹെയ്മിനെ 2-1ന് കീഴടക്കി. ചാമ്പ്യൻസ് ലീഗ് ഈ സീസണിലെ സിറ്റിയുടെ ആദ്യ വിജയമായിരുന്നു ഇത്. ആദ്യ മിനിട്ടിൽത്തന്നെ ബെൽഫോദിലിലൂടെ ഹോഫെൻ ഹെയ് സ്കോർ ചെയ്തെങ്കിലും ഏഴാം മിനിട്ടിൽ അഗ്യൂറോയും 87-ാം മിനിട്ടിൽസിൽവയും നേടിയ ഗോളുകൾ സിറ്റിക്ക് വിജയം നൽകുകയായിരുന്നു.